വൈ.എസ്. ശർമിളക്ക് പിന്നാലെ മാതാവ് വൈ.എസ്. വിജയമ്മയും കോൺഗ്രസിലേക്ക്; നാളെ അംഗത്വം സ്വീകരിക്കും

ഹൈദരാബാദ്: വൈ.എസ്. ശർമിളക്ക് പിന്നാലെ ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ഭാര്യയും മുഖ്യമന്ത്രി ജഗൻ മോഹന്‍റെ മാതാവുമായ വൈ.എസ്. വിജയമ്മയും കോൺഗ്രസിലേക്ക്. വൈ.എസ്. ശർമിളയും വൈ.എസ്. വിജയമ്മയും ഡൽഹിയിലേക്ക് പുറപ്പെട്ടു. നാളെ ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ വൈ.എസ്.ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കുന്ന പ്രഖ്യാപനം ശർമിള നടത്തുകയും തുടർന്ന് ഇരുവരും കോൺഗ്രസ് അംഗത്വം സ്വീകരിക്കുമെന്നുമാണ് റിപ്പോർട്ട്. 

വൈ.എസ്.ആർ തെലങ്കാന പാർട്ടിയുടെ സ്ഥാപകയും അധ്യക്ഷയുമായ വൈ.എസ്. ശർമിള കോൺഗ്രസിൽ ചേരുമെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കോൺഗ്രസ് ആശയങ്ങളെ ബഹുമാനിക്കുന്നതും അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും സ്നേഹിക്കുകയും ചെയ്യുന്ന ആർക്കും കോൺഗ്രസിലേക്ക് സ്വാഗതമെന്നാണ് ആന്ധ്ര പി.സി.സി. അധ്യക്ഷൻ ഗിഡുഗു രുദ്ര രാജു പ്രതികരിച്ചത്. നവംബർ 30ന് നടന്ന തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ വൈ.എസ്. ശർമിള മത്സരിക്കാൻ വിസമ്മതിക്കുകയും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

വരാനിരിക്കുന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ശർമിളക്ക് കോൺഗ്രസ് അർഹിക്കുന്ന സ്ഥാനം നൽകിയേക്കും. ശർമിളയെ കൂടാതെ മറ്റ് നേതാക്കളും കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - After YS Sharmila, mother YS Vijayamma also to Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.