സ്കൂളുകളിലും മദ്രസകളിലും ഇനി 'വന്ദേ മാതരം' നിർബന്ധം; പശ്ചിമ ബംഗാളിൽ കടുത്ത തീരുമാനങ്ങളുമായി ബി.ജെ.പി സർക്കാർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരി സർക്കാർ അധികാരമേറ്റതിന് പിന്നാലെ, സംസ്ഥാനത്തെ സ്കൂളുകളിലും മദ്രസകളിലും 'വന്ദേ മാതരം' ആലപിക്കുന്നത് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്നതും അംഗീകാരമുള്ളതുമായ എല്ലാ മദ്രസകളിലും രാവിലെയുള്ള അസംബ്ലികളിൽ ഇനിമുതൽ നിർബന്ധമായും വന്ദേ മാതരം ആലപിക്കണമെന്നാണ് പുതിയ നിർദ്ദേശം.

സംസ്ഥാനത്തെ സ്കൂളുകളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് എല്ലാ ദിവസവും 'വന്ദേ മാതരം' ആലപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകിയിരുന്നു. ആറ് ഖണ്ഡികകളും ആലപിക്കുന്നതാണ് നിർബന്ധമാക്കിയത്. അസംബ്ലികളിൽ 'ബാംഗ്ലാർ മാട്ടി ബാംഗ്ലാർ ജൽ' (ബംഗാളിന്റെ മണ്ണും ബംഗാളിന്റെ ജലവും) എന്ന ഗാനം നിർബന്ധമാക്കിയിരുന്ന മുൻ സർക്കാരിന്റെ ഉത്തരവിന് പുറമെയാണ് പുതിയ ഉത്തരവ്.

വന്ദേ മാതരത്തിനും ദേശീയ ഗാനത്തിനും ഒപ്പം സംസ്ഥാന ഗാനവും തുടരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് സ്കൂൾ മേധാവികൾ പറയുന്നു. ഇവ എല്ലാം ആലപിക്കുകയാണെങ്കിൽ ക്ലാസുകൾ തുടങ്ങുന്നത് വൈകാൻ കാരണമാകും. മൂന്ന് ഗാനങ്ങൾക്കായി വിദ്യാർഥികളെ നിർത്തിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും അവർ പറയുന്നു. എന്നാൽ, പുതിയ നിർദേശത്തിൽ വന്ദേ മാതരത്തെക്കുറിച്ച് മാത്രമേ പറയുന്നുള്ളൂ എന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു. സംസ്ഥാന ഗാനത്തെക്കുറിച്ച് ഇതിൽ പരാമർശമില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

എല്ലാ സർക്കാർ പരിപാടികളിലും, സ്കൂളുകളിലും ദേശീയ ഗാനത്തിന് മുമ്പ് 'വന്ദേമാതരം' ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വന്ദേ മാതരം ചൊല്ലുമ്പോൾ എല്ലാവരും എഴുന്നേറ്റുനിൽക്കണമെന്നും ഉത്തരവിൽ പറയുന്നു. ദേശീയ ഗാനത്തിന് തുല്യമായ വ്യവസ്ഥകളാണ് വന്ദേ മാതരത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്.

ദേശീയ പതാക ഉയർത്തൽ, രാഷ്ട്രപതിയുടെ പ്രസംഗങ്ങൾക്കും രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതിനും മുമ്പും ശേഷവും, ഗവർണർമാരുടെ വരവിനും പ്രസംഗങ്ങൾക്കും മുമ്പും ശേഷവും തുടങ്ങി നിരവധി ഔദ്യോഗിക അവസരങ്ങളിൽ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളുള്ള 3 മിനിറ്റും 10 സെക്കൻഡും ദൈർഘ്യമുള്ള ഒരു പതിപ്പ് വായിക്കുകയോ ആലപിക്കുകയോ ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. വന്ദേ മാതരത്തിന്റെ മുഴുവൻ വരികളും ചൊല്ലണമെന്നും ഉത്തരവിലുണ്ട്. ഏതെങ്കിലും വിധത്തിൽ വന്ദേ മാതരത്തിനോട് അനാദരവ് കാട്ടിയാൽ മൂന്ന് വർഷം തടവായിരിക്കും ശിക്ഷയെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. 

Tags:    
News Summary - After school, Vande Mataram now compulsory in madrasas in West Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.