ന്യൂഡൽഹി: വിജയ് മല്യയും ലളിത് മോദിയും അടക്കം വിദേശത്ത് കഴിയുന്ന കുറ്റവാളികളെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയാത്തതിൽ കേന്ദ്രസർക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശം. സുപ്രീംകോടതിയിലെ അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രസർക്കാരിന്‍റെ നിലപാടിനെ ചോദ്യം ചെയ്തത്.
സുപ്രീംകോടതി ഉത്തരവുകളെപ്പോലും നിങ്ങൾ മാനിക്കാത്തതെന്തുകൊണ്ടാണ്? ഇതെന്തൊരു സമീപനമാണ്? വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഒരർഥത്തിൽ ഭീഷണിപ്പെടുത്തുന്ന ഉത്തരവ് പുറപ്പെടുവിച്ചിട്ടും നിങ്ങൾ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇന്ത്യയിൽ കുറ്റം ചെയ്ത് മറ്റൊരു രാജ്യത്തേക്ക് കടന്നുകളഞ്ഞ ആളെ തിരിച്ചുകൊണ്ടുവരാനാവശ്യമായ ഇച്ഛാശക്തി സർക്കാർ പ്രകടിപ്പിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.
ആരെല്ലാമോ ഓടിപ്പോകുന്നു, സർക്കാർ ഒന്നും ചെയ്യുന്നില്ല. എട്ട് മാസങ്ങളായി ഞങ്ങൾ ഈ കേസിൽ ഉത്തരവുകൾ പുറപ്പെടുവിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ നിങ്ങൾ ഒന്നും ചെയ്യാതിരിക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണം. കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങ്ങിനോടും മുതിർന്ന അഭിഭാഷകയായ മോഹനയോടും കോടതി ചോദിച്ചു.
ഈ കേസിൽ പലപ്പോഴും ഹാജരാകുന്നത് വ്യത്യസ്തരായ അഭിഭാഷകരാണ്. എന്നാൽ കേസിന്‍റെ കാര്യങ്ങളെക്കുറിച്ച് ഇവർക്ക് കൂടുതലൊന്നുമറിയുകയില്ല. ഈ സാഹചര്യത്തിൽ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിമാരെ കോടതിയിൽ വിളിച്ചുവരുത്തേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
2016ൽ സുപ്രീംകോടതിയുടെ അനുമതിയേടെ യു.കെയിലേക്ക് പോയ റിതിക അവാസ്തി തിരിച്ചുവരാത്ത കേസ് പരിഗണിക്കവെയായിരുന്നു കോടതി പരാമർശം. ബുഷ് ഫുഡ്സിന്‍റെ പ്രമോട്ടറായ റിതികക്കെതിരെ ഉത്തർപ്രദേശ് സർക്കാർ വഞ്ചന, വ്യാജരേഖയുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. സുപ്രീംകോടതി അനുമതിയോടെ യു.കെയിലെത്തിയ റിതിക ഇതുവരെ തിരിച്ചുവന്നിട്ടില്ല.
കഴിഞ്ഞ മാസം, ആഭ്യന്തര മന്ത്രി കിരൺ റിജിജുവും യു.കെ. ഇമിഗ്രേഷൻ മന്ത്രി ബ്രൻഡൻ ലെവിസുമായി ഉഭയക്ഷി ചർച്ചകൾ നടത്തിയിരുന്നു. മദ്യരാജാവായ വിജയ് മല്യയും ഐ.പി.എൽ കമീഷണറായിരുന്ന ലളിത് മോദിയുമടക്കമുള്ള 13 കുറ്റവാലികളെ കൈമാറുന്നതിനെക്കുറിച്ച് ഇവർ ചർച്ച ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.