ന്യൂഡൽഹി: മുസ്‍ലിംകൾക്കെതിരെ ബി.ജെ.പി എം.പി പർവേശ് സാഹിബ് സിങ് വർമ നടത്തിയ വിദ്വേഷ പ്രസംഗത്തെ കുറിച്ച് പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഡൽഹി പൊലീസ്. എന്നാൽ, സംഭവം വിവാദമായതോടെ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചതിന് സംഘാടകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ, വിദ്വേഷ പ്രസംഗത്തിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
'ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും പരിപാടിയിൽ നടത്തിയ പ്രസംഗങ്ങളുടെ ദൃശ്യങ്ങൾ പരിശോധിക്കും'- മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. റാലി നടത്താൻ അനുമതി വാങ്ങാത്തതിന് പരിപാടിയുടെ സംഘാടകർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും ഡൽഹി പൊലീസ് പിന്നീട് പറഞ്ഞു.
'ഉന്തുവണ്ടികളിൽ സാധനങ്ങൾ വിൽക്കുന്ന അവരിൽനിന്ന് പച്ചക്കറികൾ വാങ്ങരുത്. അവരുടെ മത്സ്യ-മാംസ കടകൾക്ക് ലൈസൻസ് ഇല്ലെങ്കിൽ അടച്ചുപൂട്ടിക്കാൻ മുനിസിപ്പൽ കോർപറേഷനോട് ആവശ്യപ്പെടണം. അവർക്ക് ഒരു ജോലിയും നൽകരുത്. അവരുടെ തല നേരെയാക്കണമെങ്കിൽ എവിടെ കണ്ടാലും സമ്പൂർണമായി ബഹിഷ്കരിക്കുക മാത്രമാണ് പ്രതിവിധി. ഇക്കാര്യം നിങ്ങൾ അംഗീകരിക്കുന്നുണ്ടെങ്കിൽ കൈ ഉയർത്തുക' -എന്നാണ് ബി.ജെ.പി എം.പി പർവേശ് സാഹിബ് സിങ് വർമ പ്രസംഗിച്ചത്. സമുദായത്തെ പൂർണമായി ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട ഇയാൾ പ്രവർത്തകരെ കൊണ്ട് പ്രതിജ്ഞയെടുക്കാൻ ആവശ്യപ്പെട്ടു. പ്രവർത്തകരെല്ലാം കൈകൾ ഉയർത്തി 'നമ്മൾ അവരെ ബഹിഷ്കരിക്കും' എന്ന് പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. മുസ്‌ലിംകളെ ലക്ഷ്യമിട്ടാണ് ബി.ജെ.പി എം.പി പർവേശ് സാഹിബ് സിങ് വർമയുടെ വിദ്വേഷ പ്രസംഗമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രസംഗം വിവാദമായതോടെ, താൻ പ്രത്യേകിച്ച് ഒരു സമുദായത്തേയും ഉദ്ദേശിച്ചിട്ടില്ലെന്നായിരുന്നു ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് പർവേശിന്‍റെ പ്രതികരണം.
പ്രസംഗത്തിനെതിരെ എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീൻ ഉവൈസിയും കോൺഗ്രസ് വക്താവ് ഷമ മുഹമ്മദും രംഗത്തെത്തി. ബി.ജെ.പി മുസ്‌ലിംകൾക്കെതിരെ ഒരു യുദ്ധം തുടങ്ങിയിരിക്കുകയാണെന്ന് ഉവൈസി കുറ്റപ്പെടുത്തി. ആഭ്യന്തര മന്ത്രി അമിത് ഷായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വിഷയത്തിൽ പ്രതികരിക്കാത്തതിനെയും അദ്ദേഹം വിമർശിച്ചു. വിദേവഷപ്രസംഗം നടത്തിയ ബി.ജെ.പി നേതാവിനെതിരെ നടപടിയെടുക്കണമെന്ന് ഡൽഹി പൊലീസിനോട് ഷമ മുഹമ്മദ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.