ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, രാകേഷ് കിഷോർ

ചീഫ് ജസ്റ്റിസിന് നേ​രെ ഷൂ എറിഞ്ഞ അഭിഭാഷകനെ വെറുതെ വിട്ടു, നടപടി പരാതിയില്ലെന്ന് അറിയിച്ചതിന് പിന്നാലെ

ന്യൂഡൽഹി: സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ അഭിഭാഷകനായ രാകേഷ് കിഷോറിനെ വെറുതെ വിട്ടു. ചീഫ് ജസ്റ്റിസിന്റെ നിർദേശമനുസരിച്ചാണ് നടപടി. എറിയാൻ ഉപയോഗിച്ച ഷൂസും ഇയാളിൽ നിന്ന് പിടികൂടിയ രേഖകളും വിട്ടുനൽകാനും രജിസ്ട്രാർ ജനറൽ ഡൽഹി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ, 71കാരനായ കിഷോറിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി സുപ്രീം കോടതിയുടെ സുരക്ഷാ വിഭാഗത്തിന് കൈമാറിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ അഭിഭാഷകര്‍ കേസുകള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിനിടെയായിരുന്നു സംഭവം. ജഡ്ജിമാരുടെ ഡയസിനടുത്തെത്തിയ  അഭിഭാഷകൻ ഷൂ ഊരി ചീഫ് ജസ്റ്റിസിനെ എറിയുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥര്‍  ഇടപെട്ട്  പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ. ‘സനാതന ധര്‍മ്മത്തോടുള്ള അനാദരവ് ഇന്ത്യ ഒരിക്കലും സഹിക്കില്ല’ എന്ന് ഇയാള്‍ ഉറക്കെ വിളിച്ചുപറഞ്ഞിരുന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, ആക്രമണത്തിനിടെയും കൂസലില്ലാതെ തുടർന്ന ചീഫ് ജസ്റ്റിസ് അഭിഭാഷകരോട് വാദങ്ങള്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. ‘ഇതൊന്നും കണ്ട് ശ്രദ്ധ മാറരുത്. ഞങ്ങളുടെ ശ്രദ്ധ മാറിയിട്ടില്ല. ഇത്തരം കാര്യങ്ങള്‍ എന്നെ ബാധിക്കില്ല’-അദ്ദേഹം പറഞ്ഞു.

സംഭവത്തിന് ​പിന്നാലെ, ഡൽഹി പോലീസിന്റെ സുരക്ഷാ വിഭാഗം കിഷോറിനെ മൂന്നുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇയാൾക്കെതിരെ പരാതിയില്ലെന്നും വിട്ടയക്കണമെന്നും സുപ്രീം കോടതി രജിസ്ട്രാർ ജനറൽ അറിയിച്ചതോടെയാണ് അഭിഭാഷകനെ പൊലീസ് പോകാനനുവദിച്ചത്.

സുപ്രീം കോടതി ബാർ അസോസിയേഷൻ, ഷാഹ്ദര ബാർ അസോസിയേഷൻ, ഡൽഹി ബാർ കൗൺസിൽ എന്നിവയുടെ തിരിച്ചറിയൽ കാർഡുകൾ ഇയാളുടെ കൈവശം ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. വെള്ളക്കടലാസിൽ ‘സനാതന ധർമത്തിന് നേരുള്ള അവഹേളനം ഹിന്ദുസ്ഥാൻ വെച്ചുപൊറുപ്പിക്കില്ല’ എന്ന് രേഖപ്പെടുത്തിയ കുറിപ്പുമുണ്ടായിരുന്നു. ഡൽഹിയിലെ മയൂർ വിഹാർ സ്വദേശിയാണ് കിഷോർ.

ഖജുരാഹോയിലെ മഹാവിഷ്ണുവിന്റെ വിഗ്രഹം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച ഹരജിയിൽ ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് നടത്തിയ പരാമര്‍ശങ്ങളിലുള്ള കടുത്ത അതൃപ്തിയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് ഇയാൾ വ്യക്തമാക്കിയതായി ഡൽഹി പൊലീസ് പറഞ്ഞു.

നേരത്തെ ഹരജി തള്ളി ചീഫ് ജസ്റ്റിസ് നടത്തിയ പരാമര്‍ശം സാമൂഹിക മാധ്യമങ്ങളിലടക്കം ഏറെ ചർച്ചയായിരുന്നു.

‘ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാന്‍ പറയൂ. നിങ്ങള്‍ മഹാവിഷ്ണുവിന്റെ ഉറച്ച ഭക്തനാണെന്ന് പറയുന്നുണ്ടല്ലോ. അതുകൊണ്ട് പോയി പ്രാര്‍ത്ഥിക്കൂ. അതൊരു പുരാവസ്തു സ്ഥലമാണ്, വിഗ്രഹം പുനഃസ്ഥാപിക്കുന്നതിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എ.എസ്‌.ഐ) അനുമതിയൊക്കെ ആവശ്യമാണ്,’ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വാക്കുകൾ.

പരാമർശം സമൂഹമാധ്യമങ്ങളിലടക്കം സജീവ ചർച്ചയായതോടെ താൻ ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു. ‘ഞാന്‍ എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു. വിവാദം സാമൂഹിക മാധ്യമങ്ങളിലാണ്’- ഗവായ് പറഞ്ഞു.

ഡൽഹി പോലീസിന്റെ സുരക്ഷാ വിഭാഗം നൽകുന്ന ഇസഡ് പ്ലസ് സുരക്ഷയാണ് ചീഫ് ജസ്റ്റിസ് ഗവായിക്ക് ഉള്ളത്.

Tags:    
News Summary - Advocate freed after instruction from cji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.