അദ്വാനിക്കുള്ള ഭാരത രത്നം രാജ്യത്തിന് നാണക്കേട്: വിദ്വേഷം പടർത്തിയതിന് നൽകിയ പാരിതോഷികം -ജമാഅത്തെ ഇസ്‍ലാമി

ന്യൂഡൽഹി: രഥയാത്ര നടത്തി രാജ്യത്തുടനീളം വർഗീയ കലാപങ്ങൾക്ക് വഴിമരുന്നിട്ട എൽ.കെ അദ്വാനിക്ക് ഭാരത രത്നം നൽകിയത് ‘ഭാരത’ത്തിന് നാണക്കേടാണെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് ഉപാധ്യക്ഷൻ മുഹമ്മദ് സലീം വിമർശിച്ചു. വിദ്വേഷ ഭരണകൂടം വിദ്വേഷം പടർത്തിയതിന് ഇനാമായാണ് അദ്വാനിക്കുള്ള ഭാരത രത്നത്തെ കാണേണ്ടതെന്നും ജമാഅത്ത് കുറ്റപ്പെടുത്തി. ഗ്യാൻവാപി മസ്ജിദിൽ 1993 വരെ പൂജ നടന്നിരുന്നുവെന്ന വാദം കള്ളമാണെന്നും അതിനെ ആധാരമാക്കി പള്ളിയിൽ പൂജക്ക് അനുമതി കൊടുത്ത കോടതി ഉത്തരവ് അപലപനീയമാണെന്നും ജമാഅത്ത് നേതാക്കൾ വാർത്താസ​മ്മേളനത്തിൽ പറഞ്ഞ​ു.

എൽ.കെ അദ്വാനിക്ക് ഭാരത രത്നം നൽകുന്ന നിലവിലുള്ള ഭരണകൂടം വിദ്വേഷത്തിലധിഷ്ഠിതമായി മുന്നോട്ടുപോകുന്നവരാണെന്ന് ജമാഅത്തെ ഇസ്‍ലാമി അസിസ്റ്റന്റ് അമീർ മലിക് മുഅ്തസിം ഖാൻ പറഞ്ഞു. അത്തരമൊരു ഭരണകൂടം വിദ്വേഷം പടർത്തുന്നവർക്ക് തന്നെ നൽകിയ പാരിതോഷികമാണിത്. രാജ്യ​ത്ത് സൃഷ്ടിച്ച ഈ അന്തരീക്ഷം മാറ്റാനാണ് നാം പരിശ്രമിക്കേണ്ടത്. ഭരണകൂടവും ഉദ്യോഗസ്ഥരും കോടതികളും തെറ്റ് ചെയ്യുമ്പോൾ നിശബ്ദരാകുകയല്ല, നിയമവിധേയമായി അതിനെതിരെ ശബ്ദമുയർത്തുകയാണ് വേണ്ടതെന്ന് ജമാഅത്തെ ഇസ്‍ലാമി അസിസ്റ്റ്ന്റ് അമീർ മലിക് മുഅ്തസിം ഖാൻ പറഞ്ഞു. ഒന്നും ചെയ്യാതെ വീട്ടിലിരിക്കാതെ സമൂഹത്തിലെ ഐക്യവും സൗഹാർദവും ഊട്ടിയുറപ്പിക്കാൻ രംഗത്തിറങ്ങുകയല്ലാതെ ഇതിന് പരിഹാരമിയ്യെന്ന് മലിക് മുഅ്തസിം ഖാൻ പറഞ്ഞു. നീതി ബോധമുളളവർ രാഷ്​ട്രീയശക്തി നേടണമെന്നും ഒന്നോ രണ്ടോ നാൾ കൊണ്ടു നേടാവുന്നതല്ല അതെന്നും ഗ്രാമപഞ്ചായത്തുകളിൽ നിന്നാണ് ഈ രാഷ്ട്രീയ ശാക്തീകരണം തുടങ്ങേണ്ട​തെന്നും അദ്ദേഹം പറഞ്ഞു.

വോട്ടുയന്ത്രങ്ങളിൽ കൃത്രിമമുണ്ടെന്നും എന്നാൽ ആ വിഷയം കരുതലോടെ കൈകാര്യം ചെയ്യേണ്ട ഇരുതല മൂർച്ചയുള്ള വാളാണെന്നും മലിക് മുഅ്തസിം ഖാൻ പറഞ്ഞു. വോട്ടുയന്ത്രങ്ങൾക്കെതിരായ പ്രചാരണം ഇനി തങ്ങൾ വോട്ടുചെയ്തിട്ടെന്ത് എന്ന തോന്നലിലൂടെ പോളിങ്ബൂത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്ന തരത്തിലാകരുതെന്ന് മുഅ്തസിം ഖാൻ ഓർമിപ്പിച്ചു. ജനങ്ങൾ വോട്ടുചെയ്യാൻ പോളിങ്ബൂത്തിൽ വരരുതെന്നാണ് ചിലർ ആഗ്രഹിക്കുന്നത്. അവരുടെ ആഗ്രഹം നാം സാധിപ്പിച്ചുകൊടുക്കരുത്. ഈ വിഷയമുന്നയിച്ച് പ്രതിപക്ഷം തെരഞ്ഞെടുപ്പുകൾ ബഹിഷ്ക്കരിക്കുന്നത് വരെ ജനങ്ങളെ ബൂത്തുകളിൽ നിന്ന് അകറ്റരുത്. പൊലീസിലുള്ള വിശ്വാസക്കുറവ് പൊലീസ് സ്റ്റേഷനെ സമീപിക്കുന്നതിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കരുത് എന്ന് പറയുമ്പോലെയാണിതെന്നും മുഅ്തസിം ഖാൻ വിശദീകരിച്ചു.

മാധ്യമങ്ങൾക്ക് മേൽ കൂടുതൽ നിയന്ത്രണവും സെൻസർഷിപ്പും ഏർപ്പെടുത്തുന്നതാണ് ​ബ്രോഡ്കാസ്റ്റിങ് സർവീസ് ബിൽ എന്ന് ജമാഅത്ത് ഉപാധ്യക്ഷൻ മുഹമ്മദ് സലീം കുറ്റപ്പെടുത്തി. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ദക്ഷിണാഫ്രിക്ക അന്തർദേശീയ കോടതിയെ സമീപിച്ചത് ശ്ലാഘനീയമാണെന്ന് ജമാഅത്തെ ഇസ്‍ലാമി മീഡിയാ സെക്രട്ടറി കെ.കെ സുഹൈൽ പറഞ്ഞു.

Tags:    
News Summary - Advani Bharat Ratna is a shame for India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.