ചെന്നൈ: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച് നടൻ വിജയ്‌യുടെ നേതൃത്വത്തിലെ തമിഴക വെട്രി കഴകം (ടി.വി.കെ). ഭരണഘടനയുടെ ആത്മാവിന് എതിരെയുള്ള ആക്രമണങ്ങളാണിതെന്ന് വ്യക്തമാക്കിയ ടി.വി.കെ, ന്യൂനപക്ഷങ്ങളുടെ മതപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്ന ഫാസിസ്റ്റ് ശക്തികളെ തള്ളിക്കളയണമെന്ന് ടി.വി.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി രാജ്മോഹൻ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ ആത്മാവായി നിലകൊള്ളുന്ന മതേതരത്വത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ വിശുദ്ധ ക്രിസ്മസ് ഉത്സവകാലത്ത്, ഡൽഹി ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്ത്യൻ ജനതക്കും പള്ളികൾക്കും നേരെ വിഘടന ശക്തികൾ നടത്തുന്ന ആക്രമണങ്ങൽ വേദനയും ഞെട്ടലും ഉണ്ടാക്കുന്നു. എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരും സാഹോദര്യത്തോടെ ജീവിക്കുന്ന പുണ്യഭൂമിയാണ് നമ്മുടെ രാജ്യം. ക്രിസ്മസ് സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുമ്പോൾ, ആരാധനാലയങ്ങളിൽ അതിക്രമിച്ച് കയറി ഭയപ്പെടുത്താൻ അക്രമാസക്തമായ തന്ത്രങ്ങൾ പ്രയോഗിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല -പ്രസ്താവനയിൽ പറയുന്നു.
ആക്രമണങ്ങളെ ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്ന് വിശേഷിപ്പിച്ച ടി.വികെ, ഇത്തരം ആക്രമണങ്ങൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സർക്കാറുകളോട് ആവശ്യപ്പെട്ടു. ന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാലയങ്ങൾക്കും അവരുടെ മൗലികാവകാശങ്ങൾക്കും പൂർണ സംരക്ഷണം നൽകാൻ സർക്കാർ മുന്നോട്ട് വരണം. മതത്തെ മറികടന്ന് മാനവികത മാത്രമേ ശക്തമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കൂ എന്നും ടി.വി.കെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.