‘ഉദയനിധിക്കെതിരെ നടപടി വേണം’; ചീഫ് ജസ്റ്റിസിന് 262 പ്രമുഖരുടെ കത്ത്

ന്യൂഡൽഹി: സനാതനധർമ പരാമർശത്തിൽ തമിഴ്നാട് കായിക മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന് 262 പ്രമുഖരുടെ കത്ത്. മുൻ ജഡ്ജിമാരും വിമുക്ത ഭടന്മാരും മുൻ സർക്കാർ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചത്. സാമുദായിക സൗഹാർദം തകർക്കുന്നതും കലാപത്തിന് പ്രേരിപ്പിക്കുന്നതുമാണ് പ്രസംഗമെന്ന് ആരോപിക്കുന്ന കത്തിൽ, ഉദയനിധി മാപ്പ് പറയാൻ തയാറാകുന്നില്ലെന്നും പറഞ്ഞതിനെ ന്യായീകരിക്കുകയാണെന്നും ചൂണ്ടിക്കാട്ടുന്നു.

സനാതനധർമം മലേറിയ, കൊതുക്, കൊറോണ എന്നിവയൊക്കെ പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതുണ്ടെന്നായിരുന്നു തമിഴ്നാട് കായിക, യുവജനക്ഷേമ മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍റെ പരാമർശം. തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച സനാതനധർമ അബോളിഷൻ കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. സംഭവം വിവാദമായതോടെ നിരവധി പേരാണ് മന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.

ഉദയനിധിയുടെ തല വെട്ടുന്നവർക്ക് അയോധ്യയിലെ തപസ്വി ചൗനി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ പരംഹൻസ് ആചാര്യ 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിൽ പ്രതികരണവുമായി എത്തിയ ഉദയനിധി, ഇത്തരം ഭീഷണികളെ താൻ ഭയക്കുന്നില്ലെന്നും തമിഴ്നാടിന് വേണ്ടി റെയിൽവേ ട്രാക്കിൽ തലവെച്ചയാളുടെ ചെറുമകനാണ് താനെന്നും ഓർമിപ്പിച്ചിരുന്നു.

Tags:    
News Summary - 'Action should be taken against Udayanidhi'; 262 eminent persons letter to Chief Justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.