അസാന്നിധ്യം ഗൗരവമായി കാണുമെന്ന് സുപ്രീംകോടതി: ഭിന്നശേഷിക്കാരെ പരിഹസിച്ച കേസിൽ സമയ് റെയ്‌നയടക്കം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ ഹാജറായി

ന്യൂഡൽഹി: ഭിനശേഷിക്കാരെ പരിഹസിച്ച കേസിൽ ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ അവതാരകയായ സമയ് റെയ്‌ന ഉൾപ്പെടെ അഞ്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ ചൊവ്വാഴ്ച സുപ്രീംകോടതിയിൽ ഹാജരായി. ജസ്റ്റിസ് സൂര്യ കാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് സോഷ്യൽ മീഡിയ സ്വാധീനകരുടെ സാന്നിധ്യം രേഖപ്പെടുത്തുകയും ഹരജിയിൽ മറുപടികൾ സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കേസ് പരിഗണിക്കുന്ന അടുത്ത തീയതിയിൽ വീണ്ടും നേരിട്ട് ഹാജരാകാനും അവരോട് ആവശ്യപ്പെട്ടു. 

എന്നാൽ, ശാരീരിക അസ്വസ്ഥതകൾ കാരണം അടുത്ത വാദം കേൾക്കുന്ന തീയതിയിൽ വെർച്വലായി ഹാജറാകാൻ സോണാലി ആദിത്യ ദേശായിക്ക് സുപ്രീംകോടതി ഇളവു നൽകി. സോഷ്യൽ മീഡിയഇൻഫ്ലുവൻസർമാർ രണ്ടാഴ്ചക്കുള്ളിൽ മറുപടി സമർപ്പിക്കണമെന്നും കൂടുതൽ സമയം അനുവദിക്കില്ലെന്നും അടുത്ത വാദം കേൾക്കൽ തീയതിയിൽ അവരുടെ അസാന്നിധ്യം ഗൗരവമായി കാണുമെന്നും ബെഞ്ച് പറഞ്ഞു.

സംസാര സ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും മറ്റുള്ളവരുടെ അവകാശങ്ങളുടെയും കടമകളുടെയും സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട് സമൂഹ മാധ്യമ മാർഗ നിർദേശങ്ങൾ തയ്യാറാക്കാൻ കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

ഒരാളുടെ സ്വാതന്ത്ര്യം മറ്റുള്ളവരുടെ അവകാശങ്ങളെ ലംഘിക്കരുതെന്നും ഈ മാർഗ നിർദേശങ്ങൾ നടപ്പിലാക്കുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അപൂർവ രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) ബാധിച്ചവരെയും മറ്റ് വൈകല്യങ്ങൾ ബാധിച്ചവരെയും അവരുടെ ഷോയിൽ പരിഹസിച്ചുവെന്ന് ആരോപിച്ച് സമർപ്പിച്ച ഹരജിയെത്തുടർന്ന് മെയ് 5ന്, അഞ്ച് സമൂഹ മാധ്യമ സ്വാധീനകരോട് കോടതിയിൽ ഹാജറാകാനോ നിർബന്ധിത നടപടി നേരിടാനോ സുപ്രീംകോടതി നിർദേശിക്കുകയായിരുന്നു.

Tags:    
News Summary - 'Absence will be viewed seriously': Supreme Court seeks Samay Raina, other influencers presence in court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.