ചെന്നൈ: പാക് സൈനികരുടെ പിടിയിലായ ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദെന മോചിപ്പിക്കുമെന്ന വിവരമറിഞ്ഞ് ‘ജൽവായു വിഹാർ’ കോളനിയിൽ ആഹ്ലാദാരവം. വ്യാഴാഴ്ച ഉച്ചക്കുശേഷം പാക് പ്രധാനമന്ത്രി ഇംറാൻ ഖാെൻറ പ്രഖ്യാപനം വന്നതോടെ ബന്ധുക്കളും കോളനിവാസികളും പൊതുജനങ്ങളും കോളനിയിലേക്ക് ഒഴുകിയെത്തി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് ആഘോഷിച്ചത്.
കാഞ്ചിപുരം ജില്ലയിലെ മാടമ്പാക്കം സേലയൂരിലെ ജൽവായു വിഹാർ കോളനിയിലാണ് അഭിനന്ദെൻറ മാതാപിതാക്കളായ സിംഹക്കുട്ടി വർധമാൻ-ഡോ. ശോഭ ദമ്പതികൾ താമസിച്ചിരുന്നത്. ഇവരുടെ ജന്മദേശമായ തിരുവണ്ണാമല തിരുപ്പനവൂർ ഗ്രാമത്തിലെ കുടുംബ ക്ഷേത്രങ്ങളിൽ ബന്ധുക്കൾ പ്രത്യേക വഴിപാട് നേർന്നാണ് നന്ദി പ്രകാശിപ്പിച്ചത്.
രാജ്യസുരക്ഷക്കായി പോരാടിയ മകെൻറ ദൗത്യത്തിൽ അഭിമാനംകൊള്ളുന്നതായും തങ്ങളെ ആശ്വസിപ്പിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അഭിനന്ദെൻറ പിതാവ് റിട്ട. എയർമാർഷൽ സിംഹക്കുട്ടി വർധമാൻ അറിയിച്ചു. അഭിപ്രായഭിന്നത മറന്ന് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി അഭിനന്ദനുവേണ്ടി നടത്തിയ പ്രാർഥന ഫലംകണ്ടുവെന്ന് മാതാവ് ഡോ. ശോഭ ആനന്ദകണ്ണീരോടെ പറഞ്ഞു.
നയതന്ത്ര ഇടപെടലുകളിലൂടെ മകെൻറ മോചനം സാധ്യമാവുമെന്ന ആത്മവിശ്വാസത്തിലായിരുന്നു യുദ്ധരംഗത്ത് ഏറെ അനുഭവസമ്പത്തുള്ള റിട്ട. എയർമാർഷൽ കൂടിയായ സിംഹക്കുട്ടി വർധമാൻ. മകനെ കാണാൻ കുടുംബം ഡൽഹിക്ക് പോകാനും തീരുമാനിച്ചിട്ടുണ്ട്. രണ്ടുദിവസമായി അഭിനന്ദെൻറ ജൽവായു വിഹാർ വസതിയിലേക്ക് സന്ദർശക പ്രവാഹമായിരുന്നു. കോളനി പരിസരത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.