കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് പ്രണബ് മുഖർജിയുടെ മകനും മുൻ എം.പിയുമായ അഭിജിത് മുഖർജി കോൺഗ്രസിൽ മടങ്ങിയെത്തി. പശ്ചിമ ബംഗാൾ പി.സി.സി അധ്യക്ഷൻ ശുവങ്കർ സർക്കാറിന്‍റെ സാന്നിധ്യത്തിലാണ് അഭിജിത് മുഖർജിയുടെ കോൺഗ്രസ് പുനപ്രവേശനം.
മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി ആവശ്യപ്പെട്ട പ്രകാരമാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നതെന്നും തനിക്ക് തെറ്റ് മനസിലായെന്നും അഭിജിത് മുഖർജി പറഞ്ഞു. തൃണമൂലിൽ ചേർന്ന് ചെയ്ത കാര്യങ്ങൾ തിരുത്താനാണ് താൻ കോൺഗ്രസിലേക്ക് മടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2021ലാണ് അഭിജിത് മുഖർജി തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. എന്നാൽ, സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ല.
മുൻ രാഷ്ട്രപതിയും കോൺഗ്രസിന്‍റെ സമുന്നത നേതാവുമായിരുന്ന പ്രണബ് മുഖർജിയുടെ തട്ടകമായ ജംഗിപൂർ മണ്ഡലത്തിൽ നിന്നും അഭിജിത് രണ്ടു തവണ കോൺഗ്രസ് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ, നൽഹട്ടിയിൽ നിന്നും എം.എൽ.എയായും തെരഞ്ഞെടുക്കപ്പെട്ടു.
2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അഭിജിത്തിനെ സ്ഥാനാർഥിയാക്കാൻ സാധ്യതയുണ്ടെന്നാണ് കോൺഗ്രസ് ഉന്നത നേതാക്കൾ പറയുന്നത്.
അതേസമയം, ബി.ജെ.പിയുടെ വർഗീയ അജണ്ടയെ തുരത്താൻ മമത ബാനർജി സ്വീകരിച്ച വഴി താൻ പിന്തുടരുന്നു എന്നാണ് തൃണമൂൽ പ്രവേശന വേളയിൽ അഭിജിത് പറഞ്ഞിരുന്നത്. എല്ലാവരുടെയും പിന്തുണയോടെ രാജ്യത്ത് ബി.ജെ.പിക്കെതിരെ പൊരുതാൻ മമതക്കാകുമെന്നും അഭിജിത് ചൂണ്ടിക്കാട്ടിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.