ന്യൂഡൽഹി: അഴിമതിയാരോപണത്തിൽ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് ആ ആദ്മി നേതാവ് സഞ്ജയ് സിങ്ങിനെ യുവതി മുഖത്തടിച്ചു. നിയമസഭ മണ്ഡലമായ രജൗരി ഗാർഡനിലെ പാർട്ടി വളണ്ടിയർ കൂടിയായ സിമ്രാൻ ബേദിയാണ് എ.എ.പി നേതാവിനെ തല്ലിയത്.
പ്രദേശിക തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർഥി നിർണയത്തിൽ അഴിമതി നടന്നതായ ആരോപണം പാർട്ടി വേദികളിലുയർത്തിയിട്ടും നേതാക്കൾ ഇത് പരിഗണിക്കാൻ കൂട്ടാക്കാതിരുന്നതിനാൽ താൻ ദുഖിതയായിരുന്നുവെന്നും അതിനാലാണ് സഞ്ജയ് സിങ്ങിനെ മുഖത്തടിച്ചതെന്നുമാണ് സിമ്രാൻ പറയുന്നത്. സിമ്രാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാവാൻ ആഗ്രഹിച്ചിരുന്നതായും എന്നാൽ ചിലർ ഇതിന് പണം ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ദിവസം രജൗരി ഗാർഡനിൽ തെരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച് റോഡ് ഷോ നടത്തവെയാണ് സഞ്ജയ് സിങ്ങിന് അടിയേറ്റത്. അതേസമയം സംഭവം നാണക്കേടുണ്ടാക്കുന്നതാണെന്നും ശക്തമായി അപലപിക്കുന്നതായും എ.എ.പി ഡൽഹി ഘടകം കൺവീനർ ദിലീപ് പാണ്ഡെ പറഞ്ഞു.
എ.എ.പി നേതാവിനെ യുവതി അക്രമിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. സഞ്ജയ് സിങ്ങിൽ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്നും ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. പഞ്ചാബ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി എ.എ.പി നേതാവ് ജർണയിൽ സിങ് രജൗരി ഗാർഡനിലെ നിയമസഭ അംഗത്വം രാജിവെച്ചതിനെ തുടർന്ന് അടുത്ത ഞായറാഴ്ച ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.