ജയ്പൂർ: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പുറത്താക്കിയ പാർട്ടിയുടെ മിന്നും വിജയത്തിന് ശേഷം രാജസ്ഥാനിൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ആം ആദ്മി പാർട്ടി. രാജസ്ഥാനിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് ജയ്പൂരിൽ ദ്വിദിന സമ്മേളനം സംഘടിപ്പിക്കും.

മാർച്ച് 26നും 27നും നടക്കുന്ന പരിപാടിയിൽ പാർട്ടിയുടെ ക്ഷേമ നയങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനുള്ള വഴികൾ ചർച്ച ചെയ്യുമെന്ന് എ.എ.പി നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് സിങ് അറിയിച്ചു.

ദ്വാരകയിൽ നിന്നുള്ള എ.എ.പിയുടെ നിയമസഭാംഗവും മുൻ എം.പി മഹാബൽ മിശ്രയുടെ മകനുമായ വിനയ് മിശ്രക്ക് രാജസ്ഥാന്റെ ചുമതല നൽകാനാണ് സാധ്യത.

രാജസ്ഥാനിൽ നടക്കുന്ന രണ്ടു ദിവസത്തെ പരിപാടിയിൽ സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി എ.എ.പിയുടെ എല്ലാ നേതാക്കളും പ്രവർത്തകരും പങ്കെടുക്കണമെന്ന് സംസ്ഥാനത്തെ പാർട്ടി ചുമതലയുള്ള ഖേംചന്ദ് ജാഗിർദാർ പറഞ്ഞു. സംസ്ഥാന അധ്യക്ഷനെ ഉടൻതന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിമാചൽ പ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പിനു വേണ്ട ഒരുക്കം പാർട്ടി നേരത്തെ തുടങ്ങി കഴിഞ്ഞു. പഞ്ചാബിലെ നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പാർട്ടി പ്രവർത്തനം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി അംഗത്വ കാമ്പയിനുകൾ സംഘടിപ്പിക്കുമെന്ന് എ.എ.പി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - AAP's Plan For Rajasthan 2023 Elections After Punjab Sweep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.