അരവിന്ദ് കെജ്‌രിവാള്‍, ഭഗവന്ത് മാൻ 

പഞ്ചാബിൽ 300 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് ആപ് സർക്കാർ

മൊഹാലി: പഞ്ചാബിൽ 300 യൂനിറ്റ് വരെ വൈദ്യുതി സൗജന്യമായിരിക്കുമെന്ന് ആം ആദ്മി പാർട്ടി സർക്കാർ അറിയിച്ചു. ജൂലൈ ഒന്ന് മുതൽ ഇളവ് പ്രാബല്യത്തിൽ വരും. ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള ആപ് സർക്കാർ ഒരു മാസം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പ്രഖ്യാപനം.

എല്ലാ വീട്ടിലും 300 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുക എന്നത് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ആം ആദ്മി പാർട്ടി നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. പഞ്ചാബിലുടനീളമുള്ള ആളുകളുടെ അടുത്തേക്ക് തങ്ങൾ എത്തിയെന്നും വൈദ്യുതി ചെലവിനെക്കുറിച്ച് അവർ വളരെ അസന്തുഷ്ടരാണെന്ന് കണ്ടെത്തിയതായും എ.എ.പി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പറഞ്ഞിരുന്നു. 'പഞ്ചാബ് ആവശ്യത്തിൽ കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുണ്ട്. പക്ഷെ, എന്നിട്ടും ഇവിടെ മണിക്കൂറുകളോളം പവർ കട്ടാണ്. കൂടാതെ പലർക്കും അമിത ബില്ലുകൾ ലഭിക്കുന്നു' -കെജ്രിവാൾ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ പ്രധാന പ്രചാരണ അജണ്ടയായിരുന്ന വാതിൽപ്പടി റേഷൻ വിതരണ പദ്ധതിക്ക് കഴിഞ്ഞ മാസം തുടക്കമിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സൗജന്യ വൈദ്യുതി പ്രഖ്യാപനവും വന്നത്.

പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷൻ ലിമിറ്റഡിന്റെ ലഭ്യമായ കണക്കുകൾ പ്രകാരം, ഇളവ് നടപ്പായാൽ സംസ്ഥാനത്തെ 73.80 ലക്ഷം ഗാർഹിക ഉപഭോക്താക്കളിൽ 62.25 ലക്ഷത്തോളം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പഞ്ചാബിൽ ഇതിനകം തന്നെ വിവിധ വിഭാഗങ്ങളിലായി ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിവർഷം 3998 കോടി രൂപയുടെ സബ്‌സിഡി നൽകുന്നുണ്ട്. പട്ടികജാതി/ബി.സി/ബി.പി.എൽ ഉപഭോക്താക്കൾക്ക് പ്രതിമാസം ആദ്യത്തെ 200 യൂനിറ്റുകൾ സൗജന്യമാണ്.

ഏഴ് കിലോവാട്ട് വരെ ലോഡുള്ള ഉപഭോക്താക്കൾക്ക് വിവിധ സ്ലാബുകൾക്ക് യൂനിറ്റിന് മൂന്ന് രൂപ കുറച്ചാണ് വൈദ്യുതി ഈടാക്കുന്നത്. പ്രതിമാസം 300 യൂനിറ്റ് വരെ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് സൗജന്യ വൈദ്യുതി നൽകുന്നതോടെ പ്രതിവർഷം മൊത്തം 5500 കോടി രൂപയുടെ സബ്സിഡിയാണ് നൽകുകയെന്ന് പി.എസ്‌.പി.സി.എൽ ഉദ്യോഗസ്ഥർ പറഞ്ഞു.

സബ്സിഡി കണക്ക് ഉയരാനാണ് സാധ്യതയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വലിയൊരു വിഭാഗം ഉപഭോക്താക്കൾ പ്രതിമാസം 150 യൂനിറ്റ് വരെയാണ് ഉപയോഗിച്ചിരുന്നത്. വൈദ്യുതി സൗജന്യമായതോടെ ഇവർ പ്രതിമാസം 300 യൂനിറ്റ് വരെ ഉപയോഗിക്കാൻ സാധ്യതയുണ്ട്. കൂടാതെ, മറ്റുള്ളവർ 300 യൂനിറ്റ് സ്ലാബിന് കീഴിൽ വരാൻ അവരുടെ വൈദ്യുതി ഉപഭോഗം കുറച്ചേക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ജനങ്ങൾക്ക് ആശ്വാസം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരായതിനാൽ പഞ്ചാബ് വോട്ടർമാർക്ക് 300 യൂനിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന ആപ്പിന്റെ ഉറപ്പ് നടപ്പാക്കുകയാണെന്ന് പാർട്ടി വക്താവ് മൽവിന്ദർ സിംഗ് കാങ് പറഞ്ഞു. 'നൽകിയ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കും. കള്ളപ്പണം അവസാനിപ്പിച്ചാൽ എക്സൈസ്, ഖനന വകുപ്പുകൾ എന്നിവയിലെ വരുമാനം വർധിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. ഓഫിസുകളിൽ ഇൻസ്പെക്ടർ രാജ് അവസാനിക്കുന്നതോടെ നികുതി പിരിവും മെച്ചപ്പെടാൻ സാധ്യതയുണ്ട്. സർക്കാറിന്റെ വരുമാന സ്രോതസ്സുകൾ വർധിച്ചാൽ, ഉപഭോക്താക്കൾക്ക് കൂടുതൽ ആശ്വാസം നൽകാൻ സർക്കാറിന് കഴിയും' -മൽവിന്ദർ സിംഗ് പറഞ്ഞു.

Tags:    
News Summary - AAP government announces up to 300 units of free electricity in Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.