മഹാരാഷ്ട്രയിൽ കലാപം അഴിച്ചുവിടുന്നു; ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് ആദിത്യ താക്കറെ

ഹൈദരാബാദ്: ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ. ഭരണകക്ഷിയായ ശിവസേനയുടെ സഖ്യകക്ഷി സംസ്ഥാനത്ത് കലാപം അഴിച്ചുവിടുകയാണ്. തങ്ങളുടെ ഹിന്ദുത്വം വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുണ്ട്, ബി.ജെ.പിയുടെ ഹിന്ദുത്വത്തിൽ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങളുടെ ഹിന്ദുത്വം വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുണ്ട്. എന്തു കഴിച്ചു എന്നു നോക്കി ഞങ്ങൾ ചുട്ടുകൊല്ലാറില്ല. അതാണ് ബി.ജെ.പിയുടെ ഹിന്ദുത്വമെങ്കിൽ എനിക്കും പിതാവിനും മുത്തച്ഛനും നമ്മുടെ ജനങ്ങൾക്കും മഹാരാഷ്ട്രക്കും അത് അംഗീകരിക്കാനാകില്ല’ -ഹൈദരാബാദ് ഗീതം സർവകലാശാലയിൽ ഒരുകൂട്ടം വിദ്യാർഥികളോട് സംസാരിക്കുന്നതിനിടെ ആദിത്യ താക്കറെ പറഞ്ഞു.

കേന്ദ്ര സർക്കാർ കാരണമല്ല ആയോധ്യയിൽ രാമക്ഷേത്രം പണിയുന്നത്. സുപ്രീംകോടതിയുടെ തീരുമാനമാണത്. 2014ൽ അന്നത്തെ ശിവ സേനയെ ബി.ജെ.പി പിന്നിൽനിന്ന് കുത്തുകയാണ് ചെയ്തത്. ഞാനൊരു ഹിന്ദുവാണ്, 2014ൽ ശിവസേനയുമായുള്ള സഖ്യം ബി.ജെ.പി ഉപേക്ഷിക്കുമ്പോഴും ഹിന്ദുവായിരുന്നു. അപ്പോഴും ഇപ്പോഴും നമ്മൾ ഹിന്ദുവാണ്. ഇന്ന് സംസ്ഥാനത്ത് ബി.ജെ.പി കലാപം അഴിച്ചുവിടുകയാണ്.

ഏകനാഥ് ഷിൻഡെയാണോ, ബി.ജെ.പിയാണോ തന്‍റെ പാർട്ടിക്ക് വലിയ ഭീഷണിയെന്ന ചോദ്യത്തിന്, ഏകനാഥ് ഷിൻഡെ ഒരു ഭീഷണിയാണെന്ന് താൻ കരുതുന്നില്ലെന്നായിരുന്നു മറുപടി. ബി.ജെ.പിയുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം കൂട്ടച്ചേർത്തു. ഒരു ദിവസത്തെ ഹൈദരാബാദ് സന്ദർശനത്തിനെത്തിയ ആദിത്യ താക്കറെക്കൊപ്പം രാജ്യസഭ എം.പി പ്രിയങ്ക ചതുർവേദിയും അനുഗമിച്ചു.

Tags:    
News Summary - Aaditya Thackeray Hits Out At BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.