ജനന രേഖയായി ആധാർ കാർഡ് സ്വീകരിക്കില്ലെന്ന് യു.പി, മഹാരാഷ്ട്ര സർക്കാറുകൾ

ലക്നോ: ആധാർ കാർഡ് ഇനി ജനന സർട്ടിഫിക്കറ്റായോ ജനനത്തീയതി തെളിയിക്കുന്ന രേഖയായോ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് യു.പി, മഹാരാഷ്ട്ര സർക്കാറുകൾ. ആധാറിനെ സാധുവായ ജനന രേഖയായി കണക്കാക്കുന്നത് നിർത്താൻ വകുപ്പുകളോട് ആവശ്യപ്പെട്ടുകൊണ്ട് ഇരു സംസ്ഥാന സർക്കാറുകളും ഔദ്യോഗിക ഉത്തരവുകൾ പുറപ്പെടുവിച്ചു. ജനന സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് ആധാർ വിശദാംശങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന വാദമുയർത്തിയാണീ നീക്കം.

എന്നാൽ, ഈ വർഷം ആദ്യം ബിഹാർ വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണ വേളയിൽ തിരിച്ചറിയൽ പരിശോധനക്കായി ആധാർ ഉപയോഗിക്കാൻ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിച്ചിരുന്നു.  സെപ്റ്റംബറിൽ ബിഹാറിലെ പുതുക്കിയ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് തിരിച്ചറിയൽ രേഖയായി ഹാജറാക്കാൻ കഴിയുന്ന 12-ാമത്തെ രേഖയായി ആധാർ കാർഡ് കണക്കാക്കാനായിരുന്നു നിർദേശം.

ആധാറിൽ ഔദ്യോഗിക ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങൾ ഇല്ലെന്നും, ആശുപത്രി അല്ലെങ്കിൽ സർക്കാർ ജനന രേഖകൾ കാണിക്കുന്നില്ലെന്നും അടിസ്ഥാന തിരിച്ചറിയൽ വിശദാംശങ്ങൾ മാത്രമേ അതിൽ ഉള്ളൂവെന്നുമാണ് സംസ്ഥാന സർക്കാറുകളുടെ വാദം.  ജനനവുമായി ബന്ധപ്പെട്ട ഒരു രേഖയും ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ ആധാർ ജനന സർട്ടിഫിക്കറ്റായി കണക്കാക്കരുതെന്ന് യു.പി സർക്കാർ എല്ലാ വകുപ്പുകൾക്കും നിർദേശം നൽകി.

ആധാർ മാത്രം ഉപയോഗിച്ച് ജനന സർട്ടിഫിക്കറ്റ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മഹാരാഷ്ട്ര സർക്കാറും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. തീർപ്പു കൽപ്പിക്കാത്ത അപേക്ഷകൾ പുനഃപരിശോധിക്കണമെന്നും ഔദ്യോഗിക ഉത്തരവുമായി പൊരുത്തപ്പെടാത്ത രേഖകൾ റദ്ദാക്കണമെന്നും റവന്യൂ വകുപ്പ് നിർദേശിച്ചു.

കഴിഞ്ഞയാഴ്ച, അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ യു.പി മുഖ്യമന്ത്രി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. വിദേശികളുടെ പരിശോധന പൂർത്തിയാകുന്നതുവരെ അവരെ തടഞ്ഞുവെക്കാൻ ഓരോ ജില്ലയിലും താൽക്കാലിക തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കാനും ഉത്തരവിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ ശരിയായ നടപടിക്രമങ്ങൾ പാലിച്ച് നാടുകടത്താനും നീക്കമുണ്ട്.

Tags:    
News Summary - Aadhaar card no longer valid as proof of birth in Uttar Pradesh, Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.