മഹാരാഷ്ട്രയിൽ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
മുംബൈ: മുംബൈയിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ഗംഗാപൂരിലായിരുന്നു സംഭവം. സംഭവത്തിൽ വൈശാലി ഷിൻഡെ (36) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അമിത വേഗത്തിലെത്തിയ കാർ യുവതിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവതി ഇരുപത് മീറ്ററോളം ദൂരത്തേക്ക് തെറിച്ചുവീണു. വെള്ള നിറത്തിലുള്ള കാറാണ് അപകടമുണ്ടാക്കിയത്. റോഡരികിൽ യുവതി നിന്നിരുന്ന അതേ വശത്ത് തന്നെ നിൽക്കുകയായിരുന്ന രണ്ട് യുവാക്കൾ അപകടം കണ്ട് സ്ഥലത്തേക്ക് ഓടിയെത്തുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. എന്നാൽ അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ അപ്പോൾ തന്നെ അവിടെ നിന്ന് രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൂന്ന് ദിവസം മുമ്പ് മുംബൈയിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾക്ക് നേരെ അമിത വേഗത്തിൽ വന്ന ബി.എം.ഡബ്ല്യൂ കാർ പാഞ്ഞു കയറിയിരുന്നു. സംഭവത്തിൽ ബൈക്ക് യാത്രക്കാരിയായ യുവതി മരണപ്പെട്ടു. അപകടത്തിന് ശേഷം യുവതിയുടെ ശരീരവുമായി ഒന്നര കിലോമീറ്ററോളം കാർ മുന്നോട്ട് പോയി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ അടുത്ത അനുയായിയായ രാജേഷ് സിങിന്റെ മകൻ മിഹിർ ഷായാണ് ഈ കാർ ഓടിച്ചിരുന്നത്. മിഹിർ ഷായെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.