കർണാടക ഹൈകോടതിയുടെ ധാർവാഡ് ബെഞ്ചിൽ വനിത ജഡ്ജിമാരും വനിത അഭിഭാഷകരും ഫോട്ടോക്ക് പോസ് ചെയ്യുന്നു

വനിത ജഡ്ജിമാർ മാത്രം! അഭിഭാഷകരും വനിതകൾ; ചരിത്രം കുറിച്ച് കർണാടക ഹൈകോടതി ധാർവാഡ് ബെഞ്ച്

ബംഗളൂരു: നീതിന്യായ ചരിത്രത്തിൽ വലിയ മാറ്റത്തിന് സാക്ഷ്യംവഹിച്ച് കർണാടക ഹൈകോടതിയുടെ ധാർവാഡ് ബെഞ്ച്. ശനിയാഴ്ച ഇവി​ടെ നടന്ന എല്ലാ സിറ്റിങ്ങുകളും വനിത ജഡ്ജിമാരുടെ അധ്യക്ഷതയിലായിരുന്നു. നീതിന്യായ ചരിത്രത്തിൽ ശ്രദ്ധേയ നാഴികക്കല്ലായാണ് ഈ പ്രത്യേക സിറ്റിങ് മാറിയത്.

കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് വിഭു ബഖ്രുവിന്റെ നേതൃത്വത്തിലാണ് ഈ പ്രത്യേക സിറ്റിങ്ങിന് വഴിയൊരുക്കിയത്. ജസ്റ്റിസുമാരായ അനു ശിവരാമൻ, ജ്യോതി എം., ലളിത കന്നേഗന്തി, ചില്ലകൂർ സുമലത, പി. ശ്രീസുധ, കെ.എസ്. ഹേമലേഖ, താര വിറ്റാസ്റ്റ ഗഞ്ജു, ഗീത കെ.ബി., രാജേശ്വരി ഹെഗ്ഡെ, കെ.ജി. ശാന്തി എന്നിവർ ഓരോ ബെഞ്ചിനെയും നയിച്ചു.

മൂന്ന് ഡിവിഷൻ ബെഞ്ചുകളിലും നാല് സിംഗിൾ ബെഞ്ചുകളിലും വനിത ജഡ്ജിമാർ കേസുകൾ പരിഗണിച്ചു. എല്ലാ കോടതിമുറികളും പൂർണമായും ഡിജിറ്റൽ സംവിധാനത്തിലാണ് പ്രവർത്തിച്ചത്. കേസുമായി ബന്ധപ്പെട്ട രേഖകൾ സ്കാൻ ചെയ്ത സോഫ്റ്റ് കോപ്പി രൂപത്തിൽ ജഡ്ജിമാർക്ക് ലഭ്യമാക്കി. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നീതിന്യായ സംവിധാനം ശക്തിപ്പെടുത്താനുള്ള ഹൈകോടതിയുടെ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇത്.

ജഡ്ജിമാരെ സഹായിച്ച കോടതി ഉദ്യോഗസ്ഥരിലും ഭരണ വിഭാഗം ജീവനക്കാരിലും ഭൂരിഭാഗവും വനിതകളായിരുന്നു. കർണാടക അഡ്വക്കേറ്റ് ജനറലിന്റെ നിർദേശപ്രകാരം അന്നത്തെ എല്ലാ സർക്കാർ കേസുകളിലും വനിത സർക്കാർ അഭിഭാഷകർ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു. വനിതാ ശാക്തീകരണം, നീതിന്യായ രംഗത്തെ മികവ്, ആധുനിക സാങ്കേതികവിദ്യയിലൂടെയുള്ള നീതി ലഭ്യത എന്നിവക്കുള്ള ഹൈകോടതിയുടെ പ്രതിബദ്ധതയാണ് വനിതകളുടെ നിയന്ത്രണത്തിൽ കോടതി പ്രവർത്തിച്ചതിലൂടെ സാധ്യമായതെന്ന് അധികൃതർ അറിയിച്ചു.

പ്രത്യേക സിറ്റിങ്ങിൽ ആകെ 540 കേസുകളാണ് പരിഗണനക്ക് വന്നത്. ഇതിൽ 185 കേസുകൾ തീർപ്പാക്കി. ധാർവാഡ് ഹൈകോടതി ബെഞ്ച് ബാർ അസോസിയേഷൻ പ്രസിഡന്റ് ബി.ഡി. ഹിരേമത്തിന്റെ നേതൃത്വത്തിൽ വനിതാ ജഡ്ജിമാരെയും വനിത അഭിഭാഷകരെയും ചടങ്ങിൽ ആദരിച്ചു.

വടക്കൻ കർണാടകയിലെ കേസുകൾ പരിഗണിക്കുന്നതിനായാണ് ഹൈകോടതിയുടെ ധാർവാഡ് ബെഞ്ച് സ്ഥാപിച്ചത്. 2008 ൽ സർക്യൂട്ട് ബെഞ്ചായാണ് തുടങ്ങിയതെങ്കിലും 2013ൽ സ്ഥിരംബെഞ്ചായി മാറി. ധാർവാഡ്, ബെളഗാവി, ബാഗൽകോട്ട്, വിജയപുര, ഗദഗ്, ഹാവേരി, ഉത്തര കന്നഡ, ബല്ലാരി, കൊപ്പാൾ ജില്ലകളിലെ കേസുകളാണ് ഈ ബെഞ്ചിന്റെ പരിധിയിൽ വരുന്നത്. 

Tags:    
News Summary - ചരിത്രം കുറിച്ച് ധാർവാഡ് ഹൈകോടതി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.