സ്റ്റേഷനുകൾ കച്ചവട കേന്ദ്രങ്ങളായാൽ ക്രമസമാധാനം തകരും; യു.പി പൊലീസിനെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി

അലഹബാദ്: ഉത്തർപ്രദേശ് പൊലീസിന്റെ പ്രവര്‍ത്തനരീതിയിൽ രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി. പൊലീസ് സ്റ്റേഷനുകൾ വാണിജ്യ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി മാറിയെന്നും സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കുന്നതിന് പകരം പൊലീസുകാര്‍ ബിസിനസ് തിരക്കിലാണെന്നും അല്ലാഹാബാദ് ഹൈക്കോടതി നിരീക്ഷിച്ചു. ബല്ലിയയിലെ ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ അനധികൃത ലോറി ബിസിനസിനെക്കുറിച്ച് അന്വേഷണം നടത്താനും ഡി.ജി.പിക്ക് നിർദേശം നൽകി.

ബല്ലിയ ജില്ലയിലെ രസ്ര പോലീസ് സ്റ്റേഷനിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയും കോണ്‍സ്റ്റബിള്‍മാര്‍ക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കാനും ഡി.ജി.പിക്കും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാള്‍ നിർദേശം നൽകി. ഇതിൽ എടുത്ത നടപടികള്‍ വിശദീകരിച്ചുകൊണ്ട് 10 ദിവസത്തിനകം ഡി.ജി.പി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിർദേശിച്ചു. ഹേന്ദ്ര യാദവ് എന്ന ഹര്‍ജിക്കാരന്റെ ട്രക്ക് കരിമ്പട്ടികയില്‍ പെടുത്തിയതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ നിരീക്ഷണം.

ഹര്‍ജിക്കാരനായ യാദവും രസ്ര പൊലീസ് സ്റ്റേഷനില്‍ ജോലിയുള്ള കോണ്‍സ്റ്റബിള്‍ സന്തോഷ് കുമാറും തമ്മിലുള്ള ഉടമസ്ഥാവകാശ തര്‍ക്കത്തെത്തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാഹനം കരിമ്പട്ടികയില്‍ പെടുത്തിയത്. കോടതിയില്‍ ഹാജരായ കോണ്‍സ്റ്റബിള്‍, താന്‍ ജി.പി.എഫ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച് യാദവുമായി ചേര്‍ന്ന് തന്റെ സഹോദരന്റെ പേരില്‍ ബിസിനസ് ആരംഭിച്ചിരുന്നതായി കോടതിയില്‍ വ്യക്തമാക്കി.

തുടര്‍ന്ന് ഒരു ലോറി വാങ്ങുകയും യാദവ് അത് ഓടിച്ചു വരികയുമായിരുന്നു. ഉടമസ്ഥാവകാശ തര്‍ക്കവുമായി ബന്ധപ്പെട്ട് സബ് ഇന്‍സ്‌പെക്ടര്‍ ശിവമൂര്‍ത്തി തിവാരി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് എ.ആര്‍.ടി.ഒ. വാഹനം കരിമ്പട്ടികയില്‍ പെടുത്തിയതെന്ന് കോടതി കണ്ടെത്തി. "പോലീസ് സ്റ്റേഷനുകള്‍ വാണിജ്യ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി മാറിയെന്നും, സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കുന്നതിന് പകരം പൊലീസുകാര്‍ കച്ചവടങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും കാണുന്നതില്‍ ഈ കോടതിക്ക് കടുത്ത ഞെട്ടലുണ്ട്. ഈ അവസ്ഥയാണെങ്കില്‍ സംസ്ഥാനത്ത് ഒരു ക്രമസമാപനവും നിലനിര്‍ത്താനാകില്ല, കാരണം പോലീസ് സ്റ്റേഷനുകള്‍ ബിസിനസ് കേന്ദ്രങ്ങളായി മാറിയിരിക്കുന്നു."

രസ്ര പോലീസ് സ്റ്റേഷനിലെ ഇന്‍ചാര്‍ജ് ഓഫീസറും ബല്ലിയ എസ്.പിയും ചേര്‍ന്ന് കോണ്‍സ്റ്റബിളിന് അനുകൂലമായി എ.ആര്‍.ടി.ഒ.ക്ക് റിപ്പോര്‍ട്ട് നല്‍കി അദ്ദേഹത്തെ സംരക്ഷിച്ചതായും, തുടര്‍ന്ന് ആ വാഹനം കരിമ്പട്ടികയില്‍ പെടുത്തുകയും വാഹനത്തിന്റെ ഉടമസ്ഥാവകാശ മാറ്റം തടയുകയും ചെയ്തതായും കോടതി നിരീക്ഷിച്ചു. വിവിധ അധികാരികള്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ നിന്നും അതിലെ വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നതുപോലെ, മൊത്തം പൊലീസ് സ്റ്റേഷനും വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായാണ് ഇതിന്റെ പശ്ചാത്തലത്തില്‍ കോടതി അഭിപ്രായപ്പെട്ടത്.

Tags:    
News Summary - cops are busy doing business rather than maintaining law and order allahabad high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.