ന്യൂഡൽഹി: ഡൽഹിയിലെ രാജോക്രി ബസ് സ്റ്റാൻഡിന് സമീപത്തെ മാലിന്യക്കൂമ്പാരത്തിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഒക്ടോബർ എട്ടിന് രാവിലെ 8.12 ഓടുകൂടിയാണ് കുഞ്ഞിനെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
മൂന്നു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ വസന്ത് കുഞ്ചിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
രാജോക്രി പഹാഡി ബസ് സ്റ്റാൻഡിന് സമീപത്തു താമസിക്കുന്നയാളാണ് വിവരം പൊലീസിൽ അറിയിച്ചത്. തന്റെ വീടിന് സമീപമുള്ള മാലിന്യക്കൂമ്പാരത്തിൽ കുഞ്ഞിനെ കണ്ടതിനെ തുടർന്നാണ് പൊലീസിൽ വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മഴ പെയ്തിരുന്നതിനാൽ പെൺകുട്ടിയെ വീട്ടിലെക്ക് മാറ്റുകയും പൊലീസ് എത്തിയപ്പോൾ കുട്ടിയെ കൈമാറുകയുമായിരുന്നു. പൊലീസാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്.
കുഞ്ഞിന്റെ ശരീരം നീലിച്ചിട്ടുണ്ട്. രണ്ട് കിലോ മാത്രമാണ് ഭാരമുള്ളത്. കുഞ്ഞ് മഴ നനഞ്ഞിരുന്നു. ദേഹം തണുത്ത് മരവിച്ചുപോയിട്ടുണ്ട്. 33 ഡിഗ്രി സെൽഷ്യസ് മാത്രമാണ് ശരീരോഷ്മാവ് ഉണ്ടായിരുന്നത്. സാധാരണ 36.4 ഡിഗ്രി സെൽഷ്യസ് വേണം. പൊക്കിൾ കൊടി മുറിച്ചുമാറ്റിയിരുന്നില്ല. മാസം തികയും മുമ്പ് ജനിച്ച കുഞ്ഞാണ്. കുഞ്ഞിന് വേണ്ട അടിയന്തര പരിചരണങ്ങൾ നൽകി ഐ.സി.യുവിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഡോക്ടർ നാഗ്പാൽ പറഞ്ഞു. കുഞ്ഞ് ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർ കൂട്ടിച്ചേർത്തു.
സുഖം പ്രാപിച്ച ശേഷം സാധ്യമെങ്കിൽ കുട്ടിയെ ദത്തെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഉപേക്ഷിക്കപ്പെട്ട കുട്ടിയെ കണ്ടെത്തിയവർ പറഞ്ഞു. യുനിസെഫിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ 29.6 ദശലക്ഷം അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികളുണ്ട്.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ 2020 റിപ്പോർട്ട് പ്രകാരം 2015-2020 കാലയളവിൽ ഇന്ത്യയിലെ ഏറ്റവുമധികം ശിശുക്കൾ ഉപേക്ഷിക്കപ്പെട്ട സംസ്ഥാനങ്ങളുടെ പട്ടികയിൽ ഡൽഹി ഒന്നാമതാണ്.
മറ്റ് സംസ്ഥാനങ്ങളിൽ, മഹാരാഷ്ട്ര, രാജസ്ഥാൻ, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിൽ ഒരേ കാലയളവിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട ശിശുക്കളും ഭ്രൂണഹത്യകളും ശിശുഹത്യകളും ഉയർന്ന തോതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദാരിദ്ര്യം, പൗരാണിക സാമൂഹിക മാനദണ്ഡങ്ങൾ, പിന്തുണാ സേവനങ്ങളുടെ അഭാവം, അവിവാഹിതരായ അമ്മമാർക്കുള്ള ശിശുസംരക്ഷണ ഭവനങ്ങളുടെ കുറവ്, പ്രസവാനന്തര വിഷാദം എന്നിവയാണ് കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നതിന്റെ പ്രധാന ഘടകങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.