ലുധിയാനയിൽ ഒരു സംഘം അക്രമികൾ 15 കാരനെ ആശുപത്രിയിലിട്ട് വെട്ടിക്കൊന്നു

ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ സിവിൽ ആശുപത്രിയിൽ 15 കാരനെ ഒരു സംഘം അക്രമികൾ വെട്ടിക്കൊന്നു. 15 പേരടങ്ങുന്ന ഒരു സംഘം അക്രമികൾ ആശുപ​ത്രിയിലേക്ക് ഇരച്ചുകയറിയാണ് അതിക്രമം നടത്തിയത്. വാളും കോടാലികളുമായി എത്തിയ സംഘം 15 കാരനായ സാവൻ കുമാറിനെ അക്രമിക്കുകയായിരുന്നു.

ഡോക്ടർമാരും നഴ്സുമാരും മറ്റുരോഗികളുമടക്കം നോക്കി നിൽക്കെയാണ് സാവൻ കുമാറിനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയതെന്ന് എഫ്.ഐ.ആർ പറയുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

ലുധിയാനയിലെ ഇ.ഡബ്ല്യു.എസ് കോളനി സ്വദേശിയാണ് സാവൻ. തെരുവിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ഇടക്കിടെ സംഘർഷമുണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസവും സംഘർഷമുണ്ടാവുകയും അതിൽ സാവനിന്റെ സഹോദരൻ സുമിതിന് കുപ്പികൊണ്ട് തലക്കടിയേൽക്കുകയും ചെയ്തിരുന്നു. സുമിതിന്റെ ചികിത്സക്ക് വേണ്ടിയാണ് ബന്ധു രാജ്‍വീറിനൊപ്പം സാവൻ ആശുപത്രിയിൽ എത്തിയത്.

സുമിത് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേട​ുമ്പോൾ സാവൻ പുറത്തിരിക്കുകയായിരുന്നു. ആ സമയമാണ് അക്രമികൾ എത്തിയതെന്ന് രാജ്‍വീർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അക്രമികൾ സാവനെ ചുറ്റി നിന്നു. തുടർന്ന് അവർ വാളുകൊണ്ടും മഴുകൊണ്ടും സാവനെ വെട്ടി. അവൻ അവിടെനിന്ന് ഓടിപ്പോയി വാർഡിനകത്തു കയറി വാതിലടച്ചു. എന്നാൽ അക്രമികൾ പിന്തുടർന്ന് വന്ന് വാതിലുകളും ജനലകളും തകർത്ത് സാവനെ വെട്ടി. സാവന് കഴുത്തിലും തലയിലും ​കൈകളിലും ഗുരുതരമായി പരിക്കേറ്റു വെന്നും രാജ്‍വീർ പൊലീസിനോട് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ സാവനെ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വഴിയിൽ മരണപ്പെട്ടുവെന്ന് ഡോക്ടർ പറഞ്ഞു.

സിവിൽ ആശുപത്രി പരിസരത്ത് ലുധിയാന പൊലീസ് ഡ്യൂട്ടിയിൽ ഉണ്ടാകാറുണ്ട്. അസിസ്റ്റന്റ് സബ് ഇൻസ്‍പെക്ടർ ഉൾപ്പെടെ മൂന്ന് പേരാണ് ഡ്യൂട്ടിയിലുണ്ടാകാറ്. എന്നാൽ സംഭവം നടക്കുമ്പോൾ ആരും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല. അതെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് കമ്മീഷണർ കൗസ്തുഭ് ശർമ പറഞ്ഞു.

സംഭവത്തിൽ തിരിച്ചറിഞ്ഞ ഏഴ് പേർക്കും അജ്ഞാതരായ എട്ടുപേർക്കുമെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. വിശാൽ, സാഹിൽ, അഭിഷേക്, അൻകുർ, മനു, സാഹിൽ എന്ന സോർപി, വികാസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. എല്ലാവരും ഇ.ഡബ്ല്യു.എസ് കോളനിയിൽ നിന്നുള്ളവരാണ്.

ഇവർക്ക് സാവനോടും സഹോദരനോടും മുൻവൈരാഗ്യമുണ്ട്. ഇരു കൂട്ടരും ഇടക്കിടെ തർക്കമുണ്ടാകാറുണ്ടെന്നും പൊലീസ് പറഞ്ഞു. എല്ലാവരും 17നും 22 നും ഇടക്ക് പ്രായമുള്ളവരാണ്. അതേസമയം, അക്രമത്തെ കുറിച്ച് ആശുപത്രിയിലുള്ളവരാരും അറിയിച്ചില്ലെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - A group of assailants hacked a 15-year-old to death in a hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.