ബി.ജെ.പിയുമായി വീണ്ടും കൂട്ടുകൂടാനൊരുങ്ങി ജെ.ഡി.എസ്

ബംഗളൂരു: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കാനുള്ള ശ്രമങ്ങൾ തുടരവെ, ബി.ജെ.പിയുമായി വീണ്ടും കൂട്ടുകൂടാനൊരുങ്ങി ജെ.ഡി.എസ്. 2019ലെ ​ലോക്സഭ തെരഞ്ഞെടുപ്പിൽ 28 ലോക്സഭ സീറ്റുകളിൽ ഒന്നിൽ മാത്രമാണ് ജെ.ഡി.എസ് വിജയിച്ചത്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടു. തെരഞ്ഞെടുപ്പിൽ കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ജെ.ഡി.എസ് 19സീറ്റുകളിലൊതുങ്ങി.

മുൻ പ്രധാനമന്ത്രി എച്ച്‌.ഡി. ദേവഗൗഡയുടെയും മകൻ എച്ച്‌.ഡി. കുമാരസ്വാമിയുടെയും നേതൃത്വത്തിലുള്ള ജെ.ഡി.എസ്, ഒരു കാലത്തെ സഖ്യകക്ഷിയായ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയാൽ കോൺഗ്രസിനെ പരാജയപ്പെടുത്താനും അവരുടെ വോട്ട് അടിത്തറ സംരക്ഷിക്കാനുമുള്ള സാധ്യത വിലയിരുത്തുന്നതായാണ് റിപ്പോർട്ട്.

20 മാസത്തെ അധികാരം പങ്കിടൽ കരാർ പ്രകാരം 2006 ൽ കുമാരസ്വാമി മുഖ്യമന്ത്രിയായും ബി.എസ്. യെദിയൂരപ്പ ഉപമുഖ്യമന്ത്രിയായും ബി.ജെ.പിയും ജെ.ഡി.എസും ചേർന്ന് കർണാടകയിൽ സഖ്യ സർക്കാർ രൂപീകരിച്ചു. എന്നാൽ ജെ.ഡി.എസ് അധികാരം ബി.ജെ.പിക്ക് കൈമാറാത്തതിനാൽ അധികം വൈകാതെ സഖ്യം തകർന്നു. ഇപ്പോൾ പഴയ സഖ്യം തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണ് ജെ.ഡി.എസ് എന്നാണ് റിപ്പോർട്ട്.

288 പേരുടെ മരണത്തിനിടയാക്കിയ ഒഡീഷ ട്രെയിൻ അപകടത്തെത്തുടർന്ന് മറ്റ് പ്രതിപക്ഷ പാർട്ടികൾ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ദേവഗൗഡ ശക്തമായി പ്രതിരോധിച്ചതാണ് അതിന്റെ ഏറ്റവും വലിയ സൂചനകളിലൊന്ന്. മന്ത്രി പരമാവധി ശ്രമിച്ചു. അദ്ദേഹം വിശ്രമമില്ലാതെയാണ് പ്രവർത്തിക്കുന്നത്. ഈ സമയത്ത് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നത് ഉചിതമല്ല.-എന്നായിരുന്നു ദേവഗൗഡയുടെ പ്രതികരണം.

അതുപോലെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ ദേവഗൗഡയുടെ സാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. നമ്മുടെ രാജ്യത്ത് ബി.ജെ.പിയുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ലാത്ത മറ്റു പാർട്ടികളില്ലെന്നായിരുന്നു പ്രതിപക്ഷ സഖ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് ദേവഗൗഡ നടത്തിയ പ്രതികരണം. കഴിഞ്ഞ മാസം ദേവഗൗഡക്ക് 91 വയസ് തികഞ്ഞപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ബി.ജെ.പി നേതാക്കളും ജന്മദിനാശംസകൾ നേർന്നിരുന്നു.

Tags:    
News Summary - A former ally leans towards BJP snubs opposition unity moves for 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.