ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്രഭരണപ്രദേശത്തിലേക്കുമുള്ള നിയമസഭ തെരഞ്ഞെടുപ്പ് പൂർത്തിയായി രണ്ടാംദിനം നാട്ടുകാരുടെ വയറ്റത്തടിച്ച് പാചകവാതക വില വർധന. ബുധനാഴ്ചയാണ് പശ്ചിമ ബംഗാളിൽ അവസാന ഘട്ട വോട്ടിങ് പൂർത്തിയായത്. വോട്ടുയന്ത്രങ്ങൾ സ്ട്രോങ് റൂമിൽ എത്തിയതിന് പിന്നാലെയാണ് വാണിജ്യ പാചകവാതകത്തിന് ഒറ്റയടിക്ക് 993 രൂപ കൂട്ടിയത്. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം തുക ഒരുദിവസം വർധിപ്പിക്കുന്നത്.
നാലുമാസം കൊണ്ട് സിലിണ്ടറിന് 1500ലേറെ രൂപയാണ് വർധിച്ചത്. ഇക്കഴിഞ്ഞ ഡിസംബറിൽ 1531.50 രൂപയായിരുന്നു വില. ഇന്ന് 3,071.50 രൂപയായി. പത്ത് വർഷത്തെ വില നിലവാരം പരിശോധിക്കുമ്പോൾ മൂന്നിരട്ടിയിലേറെയാണ് വർധിച്ചത്. 2016 മാർച്ച് മാസത്തിൽ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 932 രൂപയായിരുന്നു. പത്ത് വർഷത്തിനിടെ 2040 രൂപയുടെ വർധനവാണ് ഉണ്ടായത്. .
2016: ₹932.00
2018: ₹1230.00
2020: ₹1381.50
2022: ₹2012.00
2024: ₹1795.00
2026: 3,071.50
നിയമസഭ തെരഞ്ഞെടുപ്പുകൾ അവസാനിക്കുന്നതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ തുടങ്ങി സകലതിനും വില വർധിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഏപ്രിൽ 29-ന് ശേഷം പണപ്പെരുപ്പത്തിന്റെ നാളുകളാണെന്നും മോദി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുമെന്നുമാണ് 28ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞപ്പോൾ ലാഭമുണ്ടാക്കിയ സർക്കാർ, വില കൂടുമമ്പോൾ അതിന്റെ ഭാരം ജനങ്ങളുടെ തലയിൽ വെക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.