ന്യൂഡൽഹി: കേന്ദ്രത്തിൽ ബി.ജെ.പി മൂന്നാംതവണയും അധികാരത്തിലേറിയതിന് ഒരു വർഷം തികയവെ വിദ്വേഷ ആക്രമണങ്ങൾ കുത്തനെ വർധിച്ചതായി റിപ്പോർട്ട്. 2024 ജൂണിനും 2025 ജൂണിനും ഇടയിലായി ഇന്ത്യയിൽ കുറഞ്ഞത് 947 വിദ്വേഷ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഭൂരിഭാഗവും മുസ്‍ലിം, ക്രിസ്ത്യൻ സമുദായങ്ങളെ ലക്ഷ്യം വെച്ചാണ്.
രേഖപ്പെടുത്തിയ 602 വിദ്വേഷ കുറ്റകൃത്യങ്ങളിൽ 173 എണ്ണം ശാരീരിക മർദനവുമായി ബന്ധപ്പെട്ടതാണ്. 25 മരണവും റിപ്പോർട്ട് ചെയ്തു. ഇതിലെയെല്ലാം ഇരകളാക്കപ്പെട്ടത് മുസ്‍ലിംകളായിരുന്നു. ഉത്തർ പ്രദേശിലാണ് ഏറ്റവും കൂടുതൽ വിദ്വേഷ കേസുകൾ റിപ്പോർട്ട് ചെയ്തത്(217). മധ്യപ്രദേശ് (84), മഹാരാഷ്ട്ര(68), ജാർഖണ്ഡ്(52),ഉത്തരാഖണ്ഡ് (36) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിറകിൽ. വിദ്വേഷ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത 25 സംസ്ഥാനങ്ങളിൽ 12ഉം ഭരിക്കുന്നത് ബി.ജെ.പിയാണ്.
ഈ കുറ്റകൃത്യങ്ങളിൽ ചിലത് ഇവിടെ സൂചിപ്പിക്കുന്നു:
സെപ്റ്റംബർ 17 ന് മഹാരാഷ്ട്രയിലെ താനെയിൽ നിന്നുള്ള മുഹമ്മദ് ഇർഫാനെ ലവ് ജിഹാദുമായി ബന്ധപ്പെട്ട തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് തീവ്രവലതുപക്ഷ സംഘടനയിലെ തിരിച്ചറിയാത്ത അംഗങ്ങൾ ആക്രമിച്ചു.
സെപ്റ്റംബർ 20 ന് ഉത്തർപ്രദേശിലെ മുസാഫർനഗറിലെ ഒരു മുസ്ലീം കുടുംബത്തെ ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് വസ്തു വാങ്ങിയതിന്റെ പേരിൽ പ്രദേശവാസികൾ ശാരീരികമായി ആക്രമിച്ചു.
മധ്യപ്രദേശിലെ പന്നയിൽ, ഗണേശ ചതുർത്ഥി സമയത്ത് ഹിന്ദു ഘോഷയാത്രകൾ നടന്നപ്പോൾ, തീവ്രവാദ സംഘടനകളുടെ അംഗങ്ങൾ മുസ്ലീം വീടുകൾ നശിപ്പിച്ചു.
2024 ഒക്ടോബറിൽ കാൺപൂരിൽ, നവരാത്രി പരിപാടിയിൽ പങ്കെടുത്തതിന് 19 വയസുള്ള ഫൈസാൻ ഖാൻ ആക്രമിക്കപ്പെട്ടു.
മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും ഒന്നിലധികം നഗരങ്ങളിൽ, മുസ്ലീം ഉടമസ്ഥതയിലുള്ള കടകൾക്കെതിരെ സാമ്പത്തിക ബഹിഷ്‌കരണങ്ങൾ പരസ്യമായി പ്രോത്സാഹിപ്പിക്കപ്പെട്ടു.
345 വിദ്വേഷ പ്രസംഗ സംഭവങ്ങളിൽ 178 എണ്ണവും ബി.ജെ.പി നേതാക്കളിൽ നിന്ന് വന്നതാണെന്നും റിപ്പോർട്ടിലുണ്ട്. ഇതിൽ അഞ്ച് കേന്ദ്ര മന്ത്രിമാരുടെയും ഉത്തർപ്രദേശ്, അസം, മധ്യപ്രദേശ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെയും പ്രസംഗങ്ങളും ഉൾപ്പെടുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ശർമയാണ് ഈ പട്ടികയിൽ ഒന്നാമത്.
2025 ഏപ്രിൽ 23 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഒന്നിലധികം സംസ്ഥാനങ്ങളിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.