'ഗേൾ നമ്പർ 166'; ഒമ്പതുവർഷം മുമ്പ് കാണാതായ പെൺകുട്ടിയെ സ്വന്തം വീടിന് 500 മീറ്റർ അകലെനിന്ന് കണ്ടെത്തി

മുംബൈ ഡി.എൻ നഗർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയായിരുന്ന രാജേന്ദ്ര ദോണ്ഡു ഭോസ്ലെ 2008നും അദ്ദേഹം വിരമിച്ച 2015നും ഇടയിൽ അന്വേഷിച്ചത് പെൺകുട്ടികളെ കാണാതായ 166 കേസുകളാണ്. അതിൽ 165 പെൺകുട്ടികളെയും കണ്ടെത്താൻ അദ്ദേഹത്തിനായി. എന്നാൽ, 'ഗേൾ നമ്പർ 166' എന്നറിയപ്പെട്ട കേസിലെ പെൺകുട്ടിയെ മാത്രം സമർത്ഥനും സഹാനുഭൂതിയുള്ളവനുമായ ആ പൊലീസ് ഓഫിസർക്ക് കണ്ടെത്താനായില്ല. 2013ലായിരുന്നു ഏഴുവയസ്സുകാരിയായ പെൺകുട്ടിയെ കാണാതായത്. 2015ൽ വിരമിച്ചെങ്കിലും കഴിഞ്ഞ ഏഴ് വർഷവും ഭോസ്ലെ ആ പെൺകുട്ടിക്കായി അന്വേഷണം തുടർന്നുകൊണ്ടിരുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.20ഓടെ 'ഗേൾ നമ്പർ 166' തന്‍റെ കുടുംബത്തെ വീണ്ടും കണ്ടുമുട്ടി. മുംബൈ അന്തേരിയിൽ തന്‍റെ വീടിന് 500 മീറ്റർ മാത്രം അകലെയായിരുന്നു അപ്പോൾ പെൺകുട്ടി കഴിഞ്ഞിരുന്നത്. കേസിൽ 50കാരനായ ജോസഫ് ഡിസൂസയെ പൊലീസ് അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്‍റെ ഭാര്യ സോണി (37)യും കേസിൽ പ്രതിയാണ്. കുഞ്ഞുങ്ങളില്ലാത്തതിന്‍റെ വിഷമത്തിൽ 2013 ജനുവരി 22ന് ഡിസൂസയും സോണിയും ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

2013ൽ സ്കൂളിൽ പോയി വരുംവഴിയാണ് ഡിസൂസ പെൺകുട്ടിയെ തട്ടിക്കൊണ്ടുവരുന്നത്. കുട്ടി തിരിച്ചെത്താതായതോടെ കുടുംബം പരാതി നൽകി. ഡി.എൻ നഗർ സ്റ്റേഷനിലെ എ.എസ്.ഐയായിരുന്ന ഭോസ്ലെക്കായിരുന്നു അന്വേഷണ ചുമതല.




 

കുട്ടിയെ കണ്ടെത്താനായി വലിയ കാമ്പയിനുകൾ ആരംഭിച്ചിരുന്നു. ഇതോടെ, തട്ടിക്കൊണ്ടുപോയ ഡിസൂസയും ഭാര്യയും ആശങ്കയിലായി. തുടർന്ന് ഇവർ കുട്ടിയെ തങ്ങളുടെ സ്വദേശമായ കർണാടകയിലെ റായ്ചൂരിലെ ഒരു ഹോസ്റ്റലിൽ താമസിപ്പിച്ചു.

2016ൽ ഡിസൂസക്കും സോണിക്കും ഒരു കുട്ടി പിറന്നു. ഇതോടെ കുഞ്ഞിനെ നോക്കാനായി ഇവർ കർണാടകയിൽ നിന്നും പെൺകുട്ടിയെ തിരികെ അന്തേരിയിലേക്ക് കൊണ്ടുവന്നു. എന്നാൽ, രണ്ട് കുട്ടികളെ വളർത്താനുള്ള വരുമാനം തങ്ങൾക്കില്ലാതായതോടെ പെൺകുട്ടിയെ ഇവർ കുഞ്ഞുങ്ങളെ നോക്കുന്ന ജോലിക്കയച്ചു. അപ്പോഴേക്കും തട്ടിക്കൊണ്ടുവന്ന് മൂന്ന് വർഷം പിന്നിട്ടിരുന്നു. അതിനിടെ, യാദൃശ്ചികമെന്നോണം കുടുംബം മറ്റൊരു വീട്ടിലേക്ക് താമസം മാറിയത്, തട്ടിക്കൊണ്ടുവന്ന കുട്ടിയുടെ വീടിന് 500 മീറ്റർ അകലെയായിരുന്നു. കുട്ടിയെ ആർക്കും തിരിച്ചറിയാനാകില്ലെന്നായിരുന്നു വിശ്വാസം. കുട്ടിയെ കണ്ടെത്താനായുള്ള പ്രചാരണങ്ങളെല്ലാം അവസാനിച്ചിരുന്നു. മിസ്സിങ് പോസ്റ്ററുകളും ബാക്കിയുണ്ടായിരുന്നില്ല. മേഖലയിലെ ഒരാളോടും മിണ്ടരുതെന്നും കുട്ടിക്ക് കർശന നിർദേശം നൽകിയിരുന്നു.

സോണി പലപ്പോഴും പെൺകുട്ടിയെ തല്ലുമായിരുന്നു. ഡിസൂസ ചിലപ്പോൾ മദ്യപിച്ചെത്തി 'നിന്നെ 2013ൽ തട്ടിക്കൊണ്ടുവന്നതാണ്' എന്ന് കുട്ടിയോട് പറയും. ഇവർ തന്‍റെ മാതാപിതാക്കളല്ല എന്ന കാര്യം പലപ്പോഴായി കുട്ടിക്ക് മനസിലായെങ്കിലും രക്ഷപ്പെടാനോ ആരോടെങ്കിലും പറയാനോ സാധിക്കാത്ത സാഹചര്യമായിരുന്നു.

അതിനിടെ, 'ഗേൾ നമ്പർ 166'നെ കണ്ടെത്തുക തന്‍റെ ജീവിതലക്ഷ്യമാക്കിയിരുന്നു ഭോസ്ലെ എന്ന പൊലീസുകാരൻ. വിരമിച്ചിട്ടും പെൺകുട്ടിയെ തേടിയുള്ള അന്വേഷണം അദ്ദേഹം പലവഴിക്ക് തുടർന്നു. പെൺകുട്ടിയുടെ കുടുംബം പ്രതീക്ഷ കൈവിട്ടിരുന്നു. എന്നാൽ, ആ പൊലീസ് ഉദ്യോഗസ്ഥൻ അവരെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.



(റിട്ട. എ.എസ്.ഐ രാജേന്ദ്ര ദോണ്ഡു ഭോസ്ലെ)

 

കുഞ്ഞുങ്ങളെ നോക്കുന്ന വീട്ടിലെ വേലക്കാരിയായ സ്ത്രീയാണ് പെൺകുട്ടിക്ക് സഹായവുമായി എത്തിയത്. കുട്ടി തന്‍റെ കഥ ഇവരോട് പറഞ്ഞു. തന്നെ തട്ടിക്കൊണ്ടുവന്നതാണെന്ന് ഡിസൂസ പറയാറുള്ള കാര്യവും പറഞ്ഞു. ഇതോടെ വേലക്കാരി ഗൂഗിളിൽ 2013ൽ കാണാതായ കുട്ടികളെ കുറിച്ച് സെർച് ചെയ്തു. പെൺകുട്ടിയെ കാണാതായപ്പോൾ നടന്ന പ്രചാരണങ്ങളും നോട്ടീസുകളുമെല്ലാം ഓൺലൈനിൽ ഇവർക്ക് കാണാനായി.

തന്‍റെ പഴയ ചിത്രം ഓൺലൈനിൽ കണ്ടതും പഴയ പല കാര്യങ്ങളും പെൺകുട്ടിക്ക് ഓർമവന്നു. തന്‍റെ വീടിന് സമീപത്തെവിടെയോ ആണ് താനുള്ളതെന്നും കുട്ടി മനസിലാക്കി. ഓൺലൈനിൽ കണ്ട മിസ്സിങ് പോസ്റ്ററിൽ ബന്ധപ്പെടാൻ അഞ്ച് നമ്പറുകൾ നൽകിയിരുന്നു. നാലെണ്ണത്തിൽ വിളിച്ചപ്പോഴും സ്വിച്ച് ഓഫായിരുന്നു. എന്നാൽ, അഞ്ചാമത്തെ നമ്പറിൽ വിളിച്ചപ്പോൾ കുട്ടിയുടെ അയൽവാസിയായിരുന്ന റഫീഖ് എന്നയാളെ കിട്ടി.

ആദ്യം ഫോൺ വന്നപ്പോൾ റഫീഖ് വിശ്വസിച്ചിരുന്നില്ല. കാരണം, ഒമ്പത് വർഷത്തിനിടെ ഇത്തരത്തിൽ നിരവധി കോളുകൾ അദ്ദേഹത്തിന് വന്നിരുന്നു. ഫോട്ടോ അയച്ചുനൽകാൻ റഫീഖ് കുട്ടിയോടും സഹായിയോടും ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും റഫീഖിനെ വിഡിയോ കോൾ ചെയ്തു. ഈ ദൃശ്യങ്ങൾ വീട്ടുകാരെ കാണിച്ചതോടെ അവർ ഉറപ്പിച്ചു, കാണാതായ മകൾ തന്നെയാണ് ഇതെന്ന്.

ഉടൻ പൊലീസിൽ അറിയിക്കുകയും കുട്ടി ജോലി ചെയ്യുന്നിടത്തേക്ക് പുറപ്പെടുകയും ചെയ്തു കുടുംബം. രാത്രി 8.20ഓടെ വീട്ടിന് പുറത്തേക്കിറങ്ങിവന്ന കുട്ടി ഒമ്പത് വർഷത്തിന് ശേഷം ആദ്യമായി തന്‍റെ അമ്മയെ കണ്ടു. കുട്ടിയുടെ പിതാവ് വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു.

തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത്, തടവിൽവെക്കൽ, ബാലവേല തുടങ്ങി നിരവധി വകുപ്പുകൾ ചേർത്താണ് പൊലീസ് ഡിസൂസക്കും ഭാര്യ സോണിക്കുമെതിരെ കേസെടുത്തത്. ഡിസൂസയെ റിമാൻഡ് ചെയ്തപ്പോൾ, സോണിയെ വീട്ടിൽ ആറ് വയസ്സുള്ള പെൺകുട്ടിയുള്ളതിനാൽ റിമാൻഡ് ചെയ്യാതെ വിട്ടു.

ഒമ്പത് വർഷമായി താൻ അന്വേഷിച്ചുകൊണ്ടിരുന്ന 'ഗേൾ നമ്പർ 166'നെ കണ്ടെത്താനായതിൽ രാജേന്ദ്ര ദോണ്ഡു ഭോസ്ലെക്കും ഏറെ സന്തോഷം. നിങ്ങൾക്ക് പൊലീസ് ജോലിയിൽ നിന്ന് വിരമിക്കാനാകും, എന്നാൽ മനുഷ്യത്വമെന്നത് വിരമിക്കുമ്പോൾ അവസാനിക്കുന്ന ഒന്നല്ല -അദ്ദേഹം പറയുന്നു. 

Tags:    
News Summary - 9 years and 7 months to Girl No 166 A lost and found Mumbai story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.