സുശാന്ത് മരിച്ച ദിവസം 80,000 വ്യാജ അക്കൗണ്ടുകൾ; മഹാരാഷ്ട്രയെ അപകീര്‍ത്തിപ്പെടുത്താൻ ബി.ജെ.പി ശ്രമമെന്ന് മന്ത്രി

മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയെയും മുംബൈ പൊലീസിനെയും അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷമായ ബി.ജെ.പി. ഗൂഢാലോചന നടത്തിയെന്നും വിഷയത്തിൽ അന്വേഷണം നടത്തുമെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്. മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ചും മഹാരാഷ്ട്ര പൊലീസിന്റെ സൈബർ ക്രൈം ബ്രാഞ്ചുമാണ് അന്വേഷണം നടത്തുക.

മുംബൈയെയും മഹാരാഷ്ട്ര പൊലീസിനെയും അപകീർത്തിപ്പെടുത്തിയതിന് ബി.ജെ.പിയും മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മാപ്പു പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര സർക്കാറിനെയും സുശാന്തിൻ്റെ മരണം അന്വേഷിക്കുന്ന മുംബൈ പൊലീസിനെയും താറടിച്ച് കാണിക്കാൻ സംഘടിത നീക്കം നടന്നുവെന്ന് കമ്മീഷണർ പരംബീർ സിങ്ങിന് നൽകിയ റിപ്പോർട്ടിൽ മുംബൈ പൊലീസിന്റെ സൈബർ യൂണിറ്റ്, വ്യക്തമാക്കിയിരുന്നു. ഒമ്പത് രാജ്യങ്ങളിൽനിന്നായി കുറഞ്ഞത് 80,000 വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇതിനായി നിർമിച്ചിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

മുംബെെ പൊലീസിനെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തിനായി ക്രിയേറ്റ് ചെയ്യപ്പെട്ട അക്കൗണ്ടുകളാണിതെന്നാണ് പൊലീസിൻ്റെ നിഗമനം. ജൂലെെ 14 നാണ് നടൻ മരിച്ചത്. അതേ ദിവസം തന്നെയാണ് അക്കൗണ്ടുകൾ പൊട്ടിമുളച്ചത്. ഇറ്റലി, ജപ്പാൻ, പോളണ്ട്, സ്ലൊവേനിയ, ഇന്തോനേഷ്യ, തുർക്കി, തായ്ലാന്റ്, ഫ്രാൻസ് തുടങ്ങി രാജ്യങ്ങളാണ് അക്കൗണ്ടുകളുടെ ഉറവിടം. വ്യാജൻമാർക്കെതിരേ നടപടിയെടുക്കാൻ മുംബെെ പോലീസ് കമ്മീഷണർ ഉത്തരവിട്ടു. ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതിനിടെ, സുശാന്തിൻ്റെ മരണം ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്നതിനെ ചൊല്ലി വലിയ വിവാദങ്ങൾ നടക്കുകയാണ്. നടൻ്റെ മരണം കൊലപാതകമാണെന്ന ആരോപണം തള്ളി ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) വിദഗ്ധർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇപ്പോൾ ഇതിനെ പാടെ നിരാകരിക്കുന്ന, എയിംസ് സംഘത്തിന്റെ തലവന്റേതെന്ന് പറയപ്പെടുന്ന ശബ്ദസന്ദേശം പുറത്തു വന്നത് വിവാദമായിട്ടുണ്ട്.

സുശാന്തിന്റെ മരണത്തെ സംബന്ധിച്ച് വിദഗ്ധ പരിശോധന നടത്തിയ എയിംസ് സംഘത്തിന്റെ തലവൻ ഡോ. സുധീർ ഗുപ്തയുടേതെന്ന് പറയപ്പെടുന്ന ശബ്ദരേഖയാണിത്. സുശാന്തിന്റെ മൃതദേഹത്തിന്റെ ഫോട്ടോഗ്രാഫുകൾ പരിശോധിച്ചതിൽ നിന്ന് അതൊരു കൊലപാതകമാണെന്ന് ഉറപ്പാണെന്നു മനസ്സിലാകുന്നതായി ഡോ. ഗുപ്ത പറയുന്നതാണ് ശബ്ദരേഖയിലുള്ളത്.

സുശാന്തിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് 200 ശതമാനം ഉറപ്പാണെന്നും ചിത്രങ്ങൾ പരിശോധിച്ച എയിംസിലെ ഡോക്ടർ തന്നോട് ഇക്കാര്യം വ്യക്തമാക്കിയതാണെന്നും നടൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകനായ വികാസ് സിങ് വ്യക്തമാക്കിയിരുന്നു. എന്നാൽ വികാസ് സിങ്ങിന്റെ വാദങ്ങൾ തെറ്റാണെന്നാണ് ഡോ. സുധീർ ഗുപ്ത പ്രതികരിച്ചിരുന്നത്. അതിനിടെയാണ് ശബ്ദരേഖ പുറത്തുവന്നത്.

നട​െൻറ മരണം ആത്മഹത്യയാണെന്നും കൊലപാതകമാണെന്ന സംശയം പൂർണമായും ഇല്ലാതായെന്നുമാണ് എയിംസിലെ വിദഗ്ധ സംഘത്തിൻ്റെ റിപ്പോർട്ട്. സെപ്റ്റംബർ 29നാണ് എയിംസിലെ ഡോക്ടർമാരുടെ സമിതി സി.ബി.ഐയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചത്. സുശാന്തിന്റെ പോസ്റ്റുമോർട്ടം നടത്തിയ കൂപ്പർ ആശുപത്രിയുടെ കണ്ടെത്തലുകൾക്ക് സമാനമായിരുന്നു ഈ റിപ്പോർട്ട്.

എന്നാൽ ഇപ്പോൾ പുറത്തുവന്ന ശബ്ദസന്ദേശത്തി​െൻറ അടിസ്ഥാനത്തിൽ വീണ്ടും ഫോറൻസിക് പരിശോധന നടത്തണമെന്നാണ് സുശാന്തിന്റെ കുടുംബം ആവശ്യപ്പെടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.