എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഷീല്‍ഡ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 'വാക്‌സിന്‍ പാസ്‌പോര്‍ട്ട്' വിഷയത്തില്‍ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ അനുകൂല പ്രതികരണവുമായി യൂറോപ്യന്‍ രാജ്യങ്ങള്‍. എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഷീല്‍ഡിനെ 'വാക്‌സിന്‍ പാസ്‌പോര്‍ട്ട്' പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി 'ഇക്കണോമിക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഷീല്‍ഡിനും കോവാക്‌സിനും അംഗീകാരം നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.

ഓസ്ട്രിയ, ജര്‍മനി, സ്ലൊവേനിയ, ഗ്രീസ്, ഐസ്ലന്‍ഡ്, അയര്‍ലന്‍ഡ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് കോവിഷീല്‍ഡിന് ഗ്രീന്‍ പാസ് നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച ഇന്ത്യന്‍ യാത്രികര്‍ക്ക് ഈ രാജ്യങ്ങളില്‍ ഇനി തടസങ്ങളില്ലാതെ സഞ്ചരിക്കാനാകും.


യൂറോപ്പില്‍ ഉപയോഗത്തിലുള്ള ആസ്ട്രസെനേക-ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ ഇന്ത്യന്‍ പതിപ്പാണ് കോവിഷീല്‍ഡ് എന്നിരിക്കേ, യൂറോപ്യന്‍ യൂണിയന്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ടായി അംഗീകരിച്ചവയുടെ കൂട്ടത്തില്‍ കോവിഷീല്‍ഡിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. അതേസമയം, ആസ്ട്രസെനേക-ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ യൂറോപ്യന്‍ പതിപ്പായ വാക്‌സെവിരിയക്ക് അനുമതി നല്‍കിയിട്ടുമുണ്ട്. തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടത്.

തങ്ങളുടെ വാക്‌സിന് അംഗീകാരം നല്‍കിയില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യയും സ്വീകരിക്കില്ലെന്ന മുന്നറിയിപ്പാണ് നല്‍കിയിരുന്നത്. ഇന്ത്യന്‍ വാക്‌സിനുകള്‍ അംഗീകരിച്ചാല്‍ യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവരെ നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കമെന്നും ഇന്ത്യ അറിയിച്ചിരുന്നു.

ഫൈസര്‍, മൊഡേണ, അസ്ട്രസെനക-ഓക്‌സ്ഫഡ്, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ എന്നീ കോവിഡ് വാക്‌സിനുകള്‍ക്കാണ് യൂറോപ്യന്‍ യൂനിയന്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. മറ്റുള്ളവയുടെ കാര്യത്തില്‍ അംഗരാജ്യങ്ങള്‍ക്ക് സ്വന്തം നിലക്ക് തീരുമാനമെടുക്കാമെന്ന് യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സിയുടെ നിലപാട്.

Tags:    
News Summary - 8 European countries accept Covishield in Green Passport after India’s reciprocity condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.