ഡൽഹി നഗരസഭാ തെരഞ്ഞെടുപ്പ്: 784 സ്ഥാനാർഥികൾക്ക് കെട്ടിവെച്ച തുക നഷ്ടപ്പെട്ടു

ന്യൂഡൽഹി: ഡൽഹി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച 784 സ്ഥാനാർഥികൾക്ക് കെട്ടിവെച്ച തുക നഷ്ടപ്പെട്ടു. ഡിസംബർ നാലിന് നടന്ന തെരഞ്ഞെടുപ്പിൽ 1,349 സ്ഥാനാർഥികളാണ് ഭാഗ്യം പരീക്ഷിച്ചത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ബുധനാഴ്ച പങ്കിട്ട കണക്കുകൾ പ്രകാരമാണ് 784 സ്ഥാനാർഥികൾക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് നഷ്ടപ്പെട്ടുവെന്ന് വ്യക്തമായത്.

ഇവരിൽ 370 സ്വതന്ത്രരും കോൺഗ്രസിന്റെ 188 പേരും ബി.എസ്.പിയുടെ 128 പേരും എ.ഐ.എം.ഐ.എമ്മിന്റെ 13 പേരും എ.എ.പിയിൽ നിന്ന് മൂന്ന് പേരും ബി.ജെ.പി.യിൽ നിന്ന് 10 പേരും ഉൾപ്പെടുന്നു.

എം.സി.ഡി തിരഞ്ഞെടുപ്പിൽ 134 സീറ്റുകളോടെ ആം ആദ്മി പാർട്ടി വിജയിച്ചു. മുനിസിപ്പൽ കോർപ്പറേഷനിൽ ബി.ജെ.പിയുടെ 15 വർഷത്തെ ഭരണം അവസാനിപ്പിക്കുകയും കോൺഗ്രസിനെ ഒമ്പത് സീറ്റുകളിൽ ഒതുക്കുകയും ചെയ്താണ് ആം ആദ്മി വിജയിച്ചത്.

എക്‌സിറ്റ് പോളുകളിൽ ബി.ജെ.പി വൻ പരാജയം ഏറ്റുവാങ്ങുമെന്ന് പ്രവചിക്കപ്പെട്ടെങ്കിലും 104 മുനിസിപ്പൽ വാർഡുകളിൽ വിജയിച്ചു. മൂന്ന് സ്വതന്ത്രരും വിജയിച്ചു.

2017ലെ നഗരസഭാ തിരഞ്ഞെടുപ്പിൽ 270 വാർഡുകളിൽ 181ലും ബി.ജെ.പി വിജയിച്ചിരുന്നു. സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് രണ്ട് സീറ്റുകളിൽ വോട്ടെടുപ്പ് നടത്താനായില്ല. എ.എ.പി 48 വാർഡുകളിലും കോൺഗ്രസ് 27 വാർഡുകളിലും വിജയിച്ചിരുന്നു.

2012-2022 കാലത്ത് ഡൽഹിയിൽ 272 വാർഡുകളും നോർത്ത്, സൗത്, ഇൗസ്റ്റ് എന്നിങ്ങനെ മൂന്ന് കോർപ്പറേഷനുകളും ഉണ്ടായിരുന്നു. എന്നാൽ 2022 മെയ് 22 ഇവ പുനരേകീകരിച്ച് ഒറ്റ മുൻസിപ്പൽ കോർപ്പറേഷനായി ഔദ്യോഗികമായി നിലവിൽ വന്നു.

1958ൽ സ്ഥാപിതമായ എം.സി.ഡി 2012ൽ ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മൂന്നായി വിഭജിച്ചത്. വീണ്ടും ഒന്നായ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 

Tags:    
News Summary - 784 Candidates Lose Deposit In Delhi Civic Body Elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.