പ്രതീകാത്മക ചിത്രം

സ്റ്റെം സെൽ തെറാപ്പി പരീക്ഷണത്തിന് വിധേയരായ 2352ൽ 741 പേർ മരിച്ചു; സംഭവം ഗുജറാത്തിൽ, നടപടി വേണമെന്ന് കോൺഗ്രസ്

അഹ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്‌നി ഡിസീസസ് ആൻഡ് റിസർച്ച് സെന്ററിൽ (ഐ.കെ.ഡി.ആർ.സി) സ്റ്റെം സെൽ തെറാപ്പി പരീക്ഷണങ്ങൾക്ക് വിധേയരായ 2352 രോഗികളിൽ 741 പേർ മരിച്ചെന്ന സി.എ.ജി റിപ്പോർട്ട് ഉയർത്തി വിമർശനവുമായി കോൺഗ്രസ് രംഗത്ത്. 91 ശതമാനം കേസുകളിലും തെറാപ്പി പരാജയപ്പെട്ടതായി സി.എ.ജി റിപ്പോർട്ടിൽ പറയുന്നു. പരീക്ഷണങ്ങൾക്ക് ഇരയായവരിൽ 569 പേരിൽ വൃക്ക മാറ്റിവെക്കൽ പരാജയപ്പെട്ടു.

ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് അനധികൃത പരീക്ഷണങ്ങൾക്ക് വിധേയരായവർക്ക് നേരിടേണ്ടിവന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും കോൺഗ്രസ് വക്താവ് പാർഥിവ്സിങ് കത്വാഡിയ ആവശ്യപ്പെട്ടു. 1999-2017 കാലത്താണ് മരണമുണ്ടായത്. അഹ്മദാബാദ് കോർപറേഷൻ ആശുപത്രിയിൽ അനുവാദമില്ലാത്ത മരുന്നു പരീക്ഷണങ്ങളിലൂടെ ഡോക്ടർമാർ പണം വെട്ടിച്ച സംഭവം പുറത്തായതിനു പിന്നാലെയാണ് വൃക്കരോഗികളുടെ മരണവും പുറത്തുവരുന്നത്.

സർക്കാർ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ അനുമതിയില്ലാതെ നടത്തുന്ന സ്റ്റെംസെൽ തെറാപ്പി പരീക്ഷണങ്ങൾ സംബന്ധിച്ച് സ്വീകരിച്ച നടപടികളറിയിക്കാൻ നാഷനൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷൻ സംസ്ഥാന ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടർക്ക് കഴിഞ്ഞദിവസം നിർദേശം നൽകി.

അഹ്മദാബാദ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള വി.എസ്. ഹോസ്പിറ്റലിനെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതിൽനിന്ന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ കഴിഞ്ഞദിവസം വിലക്കിയിരുന്നു. 2021-2025 കാലത്ത് എത്തിക്സ് കമ്മിറ്റിയുടെ അനുമതിയില്ലാതെ അഞ്ഞൂറോളം രോഗികളിലാണ്‌ ഇവർ 50ഓളം കമ്പനികളുടെ മരുന്നുപയോഗിച്ച് പരീക്ഷണം നടത്തിയത്.

Tags:    
News Summary - 741 Deaths Linked to Unauthorized Stem Cell Therapy Trials at Ahmedabad Kidney Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.