രാജ്യത്ത് കഴുത ഇറച്ചിക്ക് ആവശ്യക്കാരേറുന്നു; കാരണം വിചിത്രം

അടുത്തിടെയാണ് ഹൈദരാബാദിൽ പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ്-ഇന്ത്യ (പെറ്റ-ഇന്ത്യ)യും ബപട്‌ല പൊലീസും അനിമൽ റെസ്‌ക്യൂ ഓർഗനൈസേഷനും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 400 കിലോ കഴുത ഇറച്ചി പിടികൂടിയത്. ഒക്‌ടോബർ ഒമ്പതിന് നടന്ന സംഭവത്തിൽ ഓംഗോളിലെ താഡപല്ലെയിൽ 11 പേർക്കെതിരെ കേസെടുത്തു. ഒരു വൻ റാക്കറ്റിന്റെ ചുരുളഴിക്കുന്ന സംഭവവികാസങ്ങളാണ് തുടർന്ന് അരങ്ങേറിയത്. രാജ്യത്ത് കഴുത ഇറച്ചി കടത്തുസംഘം വ്യാപകമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.

കഴുതകളെ കശാപ്പുചെയ്യുന്നതിന് ഇന്ത്യയിലെ ഒരു അറവുശാലയ്ക്കും നിയമസാധുത ഇല്ലെന്നും അതിനാൽ റോഡരികിലും മേൽപ്പാലങ്ങൾക്ക് കീഴിലും താത്കാലിക സ്റ്റാളുകൾക്ക് പിന്നിലുമാണ് മൃഗങ്ങളെ കൊല്ലുന്നതെന്നും പെറ്റയിലെ വീഗൻ പ്രോജക്ട്‌സിലെ കിരൺ അഹൂജ പറയുന്നു. ആന്ധ്രാപ്രദേശിന്റെ. തെലങ്കാന, കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ആ​ന്ധ്രപ്രദേശിലേക്ക് കഴുതകളെ കൊണ്ടുവന്നാണ് കശാപ്പ് ചെയ്യുന്നത്.

19-ാമത് കന്നുകാലി സെൻസസ്-2012 പ്രകാരം ഇന്ത്യയിൽ 3.2 ലക്ഷം കഴുതകളുണ്ടായിരുന്നു. 2019 ലെ അതേ സെൻസസ് പ്രകാരം 1.2 ലക്ഷം കഴുതകൾ മാത്രമാണ് ജീവിച്ചിരിക്കുന്നത്. ഏഴ് വർഷത്തിനുള്ളിൽ കഴുതകളുടെ എണ്ണം 61 ശതമാനം കുറഞ്ഞു. അശാസ്ത്രീയമായ അവകാശവാദങ്ങളും അവയുടെ മാംസം തിന്നുകയോ രക്തം കുടിക്കുകയോ ചെയ്യുന്നത് രോഗം ഭേദമാക്കുകയും പൗരുഷം വർധിപ്പിക്കുകയും ചെയ്യുന്നു തുടങ്ങിയ മിഥ്യാധാരണകളാണ് കഴുത മാംസത്തിന്റെ ആവശ്യം വർധിപ്പിക്കുന്നതെന്ന് കിരൺ അഹൂജ പറയുന്നു.

കഴുത മാംസത്തിന്റെ ആവശ്യകത

കഴുത മാംസം ഉപയോഗിച്ച് ഉണ്ടാക്കുന്ന മരുന്നുകളുടെ പ്രധാന വിപണികളാണ് ചൈനയും ദക്ഷിണ കൊറിയയും. മാംസം മാത്രമല്ല കഴുതയുടെ തോലും സ്വകാര്യഭാഗങ്ങളും ഉൾപ്പെടെ ഇവിടങ്ങളിൽ മരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. ലൈംഗിക ശേഷി വർധിപ്പിക്കുന്നതിനും മറ്റുമുള്ള മരുന്നുകളാണ് ഇത്തരത്തിൽ തയ്യാറാക്കുന്നത്.

കഴുത മാംസം കൊണ്ട് മരുന്നുകൾ തയ്യാറാക്കുന്ന പ്രധാന മറ്റൊരു പ്രധാന രാജ്യമാണ് കെനിയ. കെനിയയിലെ നൈവാഷ, മൊഗോട്ടിയോ, ലോഡ്വാർ എന്നിവിടങ്ങളിൽ കഴുതകളെ കൊല്ലുന്നതിനായി പ്രത്യേക അറവുശാലകളുമുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ കഴുത മാംസത്തിൽ നിന്നുള്ള ഉൽപന്നങ്ങളുടെ ഉത്പാദനം കെനിയയിൽ ഇരട്ടിയായി വർധിച്ചതായി നൈവാഷ ആസ്ഥാനമായുള്ള സ്റ്റാർ ബ്രില്യന്റ് അറവുശാലയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജോൺ എൻഗോൻജോ കരിയുകി പറയുന്നു.

നിലവിൽ നൈവാഷയിലെ അറവുശാലയിൽ പ്രതിദിനം 100ഓളം കഴുതകളെ അറക്കുന്നുണ്ടെന്ന് സി.ഇ.ഒ കൂട്ടിച്ചേർത്തു. എന്നാൽ ശീതീകരണ യന്ത്ര സംവിധാനം വിപുലീകരിച്ചതോടെ ഇത് ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.'ദക്ഷിണ കൊറിയയും കഴുത മാംസം കൊണ്ടുള്ള ഉത്പന്നങ്ങളുടെ പ്രധാന വിപണിയാണ്. അവിടേയ്ക്ക് വളരെ പോഷകഗുണമുള്ള കഴുതപ്പാൽ കയറ്റുമതി ചെയ്യാനാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതെന്നും' അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ആന്ധ്രാപ്രദേശിൽ കഴുത ഇറച്ചിക്ക് ആവശ്യക്കാർ കൂടുന്നതായി നേരത്തേയും ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സംസ്ഥാനത്തിൻറെ വിവിധ ജില്ലകളിൽ കഴുത മാംസത്തിന് ആവശ്യക്കാർ ഏറെയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വെസ്റ്റ് ഗോദാവരി, കൃഷ്ണ, പ്രകാശം, ഗുണ്ടൂർ മേഖലകളിലാണ് കഴുതകൾ ധാരാളമായി അറുക്കപ്പെടുന്നത്. 'ഭക്ഷിക്കാനുള്ള മൃഗ'ങ്ങളുടെ കൂട്ടത്തിൽ കഴുത ഉൾപ്പെട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. അതുകൊണ്ട് തന്നെ ഭക്ഷ്യസുരക്ഷയും മാനദണ്ഡങ്ങളും അനുസരിച്ച് ഇത്തരം ജീവികളെ അറുക്കുന്നത് നിയമവിരുദ്ധമാണ്.

കഴുതയുടെ മാംസം കരുത്തും പൗരുഷവും വർധിപ്പിക്കുമെന്നുമാണ് കഴുത ഇറച്ചി പ്രേമികളുടെ അവകാശവാദം. അതുകൊണ്ട് തന്നെ നിയമവിരുദ്ധമായി കച്ചവടം നടത്തുന്നവരിൽ നിന്നും നിന്നും വൻതുക ചെലവഴിച്ചാണ് പലരും മാംസം വാങ്ങുന്നത്. കഴുതപ്പാൽ വർഷങ്ങളായി പ്രചാരത്തിലുണ്ടെങ്കിലും കഴുത മാംസത്തിന് ജനപ്രീതി കൂടിയത് ഈയടുത്ത കാലത്താണെന്ന് ചില ഉദ്യോഗസ്ഥർ പറയുന്നു.

കഴുത മാംസം കഴിക്കുന്നത് വ്യക്തികളിൽ ക്ഷയം, ഗ്ലാൻഡേഴ്സ് തുടങ്ങിയ ഗുരുതരവും മാരകവുമായ രോഗങ്ങൾ പിടിപെടാനുള്ളസ്‍സാധ്യത വർധിപ്പിക്കുമെന്ന് കിരൺ അഹൂജ പറഞ്ഞു. അനധികൃത കശാപ്പും കഴുത ഇറച്ചി വിൽപ്പനയും തടയാൻ നടപടിയെടുക്കാൻ 2018ൽ ആ​ന്ധ്രപ്രദേശ് ഹൈക്കോടതി ഗുണ്ടൂർ മുനിസിപ്പൽ കോർപ്പറേഷനോട് ഉത്തരവിട്ടിരുന്നുവെന്നും അവർ പറഞ്ഞു.

Tags:    
News Summary - 61 per cent of donkeys in India butchered in 7 years: PETA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.