ന്യൂഡൽഹി: ആറുവയസ്സുകാരി റോളി പ്രജാപതിയെ വെടിയേറ്റ നിലയിലാണ് മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്. നോയിഡയിൽ അജ്ഞാതർ ഈ പെൺകുഞ്ഞിനെ വെടിവെക്കുകയായിരുന്നു. തലക്ക് വെടിയേറ്റ റോളിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമസിയാതെ, പരിക്കിന്റെ തീവ്രത കാരണം അവൾ കോമയിലേക്ക് പോകുകയും തുടർന്ന് ഡൽഹിയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് റഫർ ചെയ്യുകയും ചെയ്തു.
പെൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഡോക്ടർമാർ അവളുടെ മസ്തിഷ്കമരണം പ്രഖ്യാപിച്ചു. തുടർന്നാണ് മാതാപിതാക്കൾ അവയവദാന സന്നദ്ധത അറിയിച്ചത്. അത് അഞ്ചുപേർക്ക് പുതുജീവനേകി. എയിംസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് റോളി.
"ഏപ്രിൽ 27 ന് റോളി എന്ന ആറര വയസ്സുകാരി ആശുപത്രിയിൽ എത്തി. അവളുടെ തലച്ചോറിൽ വെടിയേറ്റതിനെ തുടർന്ന് ഒരു വെടിയുണ്ട ഉണ്ടായിരുന്നു. തലച്ചോറ് പൂർണ്ണമായും തകർന്നു. മസ്തിഷ്ക മരണം സംഭവിച്ച അവസ്ഥയിലാണ് അവൾ ഹോസ്പിറ്റലിൽ എത്തിയത്. അതിനാൽ ഞങ്ങൾ കുടുംബാംഗങ്ങളുമായി സംസാരിച്ചു.
"അവൾക്ക് മസ്തിഷ്ക മരണം ഉണ്ടെന്ന് ഞങ്ങൾ കണ്ടെത്തി. തുടർന്ന്, ഞങ്ങളുടെ ഡോക്ടർമാരുടെ സംഘം മാതാപിതാക്കളോടൊപ്പം ഇരുന്ന് അവയവദാനത്തെക്കുറിച്ച് സംസാരിച്ചു. മറ്റ് കുട്ടികളുടെ ജീവൻ രക്ഷിക്കാൻ അവയവങ്ങൾ ദാനം ചെയ്യാൻ അവർ തയ്യാറാണെങ്കിൽ ഞങ്ങൾ മാതാപിതാക്കളെ കൗൺസിലിംഗ് ചെയ്യുകയും അവരുടെ സമ്മതം തേടുകയും ചെയ്തു" -സീനിയർ എയിംസ് ന്യൂറോ സർജൻ ഡോ. ദീപക് ഗുപ്ത എ.എൻ.ഐയോട് പറഞ്ഞു.
അവയവങ്ങൾ ദാനം ചെയ്യുകയും അഞ്ച് ജീവൻ രക്ഷിക്കുകയും ചെയ്ത റോളിയുടെ മാതാപിതാക്കളെ എയിംസ് ഡോക്ടർ അഭിനന്ദിച്ചു. അവളുടെ കരൾ, വൃക്കകൾ, കോർണിയ, ഹൃദയ വാൽവ് എന്നിവയാണ് ദാനം നൽകിയത്.
''അവയവദാനത്തെക്കുറിച്ച് കൂടുതൽ അറിവില്ലാതിരുന്നിട്ടും ഈ നടപടി സ്വീകരിച്ചതിന് മാതാപിതാക്കളോട് ഞങ്ങൾ വളരെ നന്ദിയുള്ളവരായിരുന്നു. ജീവൻ രക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അവർ മനസ്സിലാക്കി'' -ഡോ. ഗുപ്ത കൂട്ടിച്ചേർത്തു.
"ഡോക്ടർ ഗുപ്തയും അദ്ദേഹത്തിന്റെ സംഘവും അവയവദാനത്തിന് ഞങ്ങളെ ഉപദേശിച്ചു. ഞങ്ങളുടെ കുട്ടിക്ക് മറ്റ് ജീവൻ രക്ഷിക്കാൻ കഴിയും. ഞങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കുകയും മറ്റുള്ളവരുടെ ജീവിതത്തിൽ അവൾ ജീവിച്ചിരിക്കണമെന്നും ഞങ്ങൾ തീരുമാനിച്ചു. മറ്റുള്ളവർ പുഞ്ചിരിക്കാൻ അവൾ കാരണമാകുന്നു" -റോളിയുടെ പിതാവ് ഹർനാരായൺ പ്രത്ജാപതി പറഞ്ഞു. പൂനം ദേവിയാണ് റോളിയുടെ അമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.