57 പേര്‍ക്ക് കൊവിഡ്: ലാല്‍ ബഹദൂര്‍ ശാസ്ത്രി അഡ്മിനിസ്‌ട്രേറ്റീവ് ട്രെയിനിംഗ് അക്കാദമി അടച്ചു

മസൂറി:57 െട്രയിനി ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ മസൂറിയില്‍ പ്രവര്‍ത്തിക്കുന്ന ലാല്‍ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ (എൽ.ബി.എസ്​.എൻ.എ.എ) താല്‍ക്കാലികമായി അടച്ചു. രണ്ട് ദിവസത്തേക്കാണ് അടച്ചിരിക്കുന്നത്. കൂടുതൽ പോസിറ്റീവ് കേസുകൾ സ്ഥീരികരിച്ചാൽ തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

എന്നാല്‍ ഹോസ്റ്റലുകള്‍ ഈമാസം 30 വരെ അടച്ചിടും. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, ഐ.ആര്‍.എസ് തസ്തികയില്‍ ഫൗണ്ടേഷന്‍ കോഴ്‌സിന് ചേര്‍ന്ന 428 ട്രയിനിങ് ഓഫിസര്‍മാരാണ് ഹോസ്റ്റലിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരെ ക്വാറന്‍റീനിലാക്കി. ബാക്കിയുള്ളവർ നിരീക്ഷണത്തിലാണ്.

ഈ വർഷം ഒക്ടോബർ 12 ന് ആരംഭിച്ച് ഡിസംബർ 18 ന് അവസാനിക്കാനിരിക്കുന്നതായിരുന്നു 95ാം ബാച്ചിന്‍റെ ഫൗണ്ടേഷൻ കോഴ്‌സ്. കോവിഡിനെതുടർന്ന് ഡിസംബർ 3 അർദ്ധരാത്രി വരെ പരിശീലനം, ക്ലാസ്സുകൾ ഉൾപ്പെടെ ഓൺലൈനായി നടത്താൻ അക്കാദമി തീരുമാനിച്ചു.

അക്കാദമിയിൽ വെള്ളിയാഴ്ച മുതൽ 162ലധികം ആർ.‌ടി.പി.‌സി.‌ആർ ടെസ്റ്റുകൾ നടത്തി, ഹോസ്റ്റല്‍, മെസ്സ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസ്, ലൈബ്രറി തുടങ്ങിയവ അണുവിമുക്തമാക്കിയതായും അക്കാദമി ഡയറക്ടര്‍ സഞ്ജീവ് ചോപ്ര പറഞ്ഞു. സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ച മലയാളികളും ട്രെയിനിംഗ് ബാച്ചിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.