ഹൽദ്വാനിലെ മനുഷ്യരെ പിഴുതെറിയരുതെന്ന് സുപ്രീംകോടതി; ഉത്തരാഖണ്ഡ് ഹൈകോടതി വിധിക്ക് സ്റ്റേ

ന്യൂഡൽഹി: താപനില പൂജ്യത്തിലെത്തിയ കൊടും തണുപ്പിൽ ഉത്തരാഖണ്ഡ് ഹൽദ്വാനിലെ ഗഫൂർ ബസ്തിയിൽ 4365 കുടുംബങ്ങളെ പതിറ്റാണ്ടുകളായി അവർ താമസിക്കുന്ന കിടപ്പാടങ്ങളിൽ നിന്ന് തെരുവിലേക്ക് എടുത്തെറിയാനുള്ള നീക്കം സുപ്രീംകോടതി തടഞ്ഞു. അര ലക്ഷം മനുഷ്യരെ ഒരൊറ്റ രാത്രി കൊണ്ട് പിഴുതെറിയാനാവില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ഓർമിപ്പിച്ചു. പ്രശ്നത്തിന് പ്രായോഗികമായ പരിഹാരം സമർപ്പിക്കാൻ ഉത്തരാഖണ്ഡ് സർക്കാറിനും റെയിൽവെക്കും നിർദേശം നൽകിയ ജസ്റ്റിസ് കൗളിന്റെ ബെഞ്ച് കേസ് ഫെബ്രുവരി ഏഴിലേക്ക് മാറ്റി.

ബലം പ്രയോഗിച്ചെങ്കിലും 4365 കുടു​ംബങ്ങളെ ഒരാഴ്ചക്കം അവിടെ നിന്ന് കുടിയൊഴിപ്പിച്ച് ഗഫൂർ ബസ്തി റെയിൽവെ ഏറ്റെടുക്കണമെന്ന ഉത്തരാഖണ്ഡ് ഹൈകോടതി വിധി നടപ്പാക്കാനായി സർക്കാർ പ്രധാന പത്രങ്ങളിൽ പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. കുടിയൊഴിപ്പിക്കാൻ ചുമതലയുള്ള അധികാരികൾ അക്കാര്യം ജനങ്ങളെ അറിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് 95 ശതമാനവും മുസ്‍ലിംകളുള്ള ബസ്തിയിലെ മനുഷ്യർക്ക് ആശ്വാസമായ വിധി.

നിരവധി സ്ഥാപനങ്ങളുള്ള ഇടം ഒരാ​ഴ്ച കൊണ്ട് കാലിയാക്കാൻ പറയുന്നത് എങ്ങിനെയാണെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ചോദിച്ചു. 50- 60 വർഷമായി അവിടെ ജീവിക്കുന്ന മനുഷ്യർക്ക് പുനരധിവാസ പദ്ധതി എങ്കിലും തയാറാക്കണമെന്ന് അദ്ദേഹം ആവശ്യ​പ്പെട്ടു.

രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിനും മുമ്പേയുള്ള രേഖകളടക്കം കൈവശമുള്ള ഒരു നൂറ്റാണ്ടിലേറെ കാലമായി നിരവധി തലമുറകൾ ജനിച്ചു വളർന്ന 95 ശതമാനത്തിലേറെ മുസ്ലിം ജനസംഖ്യയുള്ള ഇടമാണ് ഹൽദ്വാനിയിലെ ഗഫൂർ ബസ്തി.

കൈവശമുള്ള ഭൂമിക്ക് 1940 മുതൽ നികുതി അടച്ചതിന്റെ രസീതും പലരുടെയും കൈവശമുണ്ട്. കെട്ടിട നികുതിയും വീട്ടു നികുതിയും മുനിസിപ്പാലിറ്റിക്ക് മുടങ്ങാതെ അവർ അടക്കുന്നുണ്ട്. മുനിസിപ്പൽ ഭരണകൂടവും സംസ്ഥാന സർക്കാറും നാളിത്‍വരെ കോടികൾ വികസനത്തിനായി ചെലവഴിച്ചിട്ടുണ്ട്. വൈദ്യുതിയും വെള്ളവും റോഡുകളുമെല്ലാം സർക്കാർ ലഭ്യമാക്കിയിട്ടുമുണ്ട്.

ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുമുണ്ട്. ഒരു ഡസൻ അംഗനവാടികളും സർക്കാർ സ്കൂളുകളും അമ്പലങ്ങളും പള്ളികളും മതപാഠശാലകളും കച്ചവട സ്ഥാപനങ്ങളുമെല്ലാമിവിടെയുണ്ട്. ഒരാഴ്ച കഴിയുന്നതോടെ അതൊരു ബസ്തി അല്ലാതാക്കണമെന്നാണ് ഉത്തരാഖണ്ഡ് ഹൈകോടതിയുടെ ഉത്തരവ്.  

Tags:    
News Summary - 50,000 people can't be uprooted overnight: Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.