ജയ്പുർ: രാജസ്ഥാനിലെ ദൗസ ജില്ലയിൽ നാലു വയസ്സു മാത്രമുള്ള ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് പൊലീസ് സബ് ഇൻസ്പെക്ടർ അറസ്റ്റിൽ. നിയമസഭ തെരഞ്ഞെടുപ്പ് സമയത്തുണ്ടായ ക്രൂരസംഭവം കോൺഗ്രസ് സർക്കാറിനെതിരെ പ്രചാരണ വിഷയമാക്കി ബി.ജെ.പി.
രഹുവാസ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഭൂപേന്ദ്ര സിങ് ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് നടന്നത്. കോപാകുലരായ നാട്ടുകാർ പൊലീസ് സ്റ്റേഷൻ വളഞ്ഞു. എസ്.ഐയെ പിടികൂടി വസ്ത്രങ്ങൾ വലിച്ചുകീറി റോഡിലൂടെ വലിച്ചിഴക്കുന്നതിന്റെയും ചെരുപ്പും കുറുവടിയും കൊണ്ട് അടിക്കുന്നതിന്റെയും വിഡിയോ പുറത്തുവന്നിട്ടുണ്ട്. കുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി.
എസ്.ഐയെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. മാതാപിതാക്കളുടെ പരാതി മുൻനിർത്തി പട്ടിക വിഭാഗ സംരക്ഷണ നിയമം, പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുനേരെയുള്ള അതിക്രമത്തിന് പോസ്കോ നിയമം എന്നിവപ്രകാരം കേസെടുത്തു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. ഗെഹ്ലോട്ട് സർക്കാർ ഭരിക്കുന്ന രാജസ്ഥാനിലെ ക്രമസമാധാന നിലയുടെ ഉദാഹരണമാണ് സംഭവമെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. പ്രതിയെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചു. ബി.ജെ.പി മുൻ നേതാവായ രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര നേരിട്ട് ഇടപെടുകയും കർക്കശ നടപടിയെടുക്കാൻ ഡി.ജി.പിയോട് നിർദേശിക്കുകയും ചെയ്തു. ബി.ജെ.പി എം.പി കരോഡിലാൽ മീണ സ്ഥലത്തെത്തി പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. വെള്ളിയാഴ്ചതന്നെ എസ്.ഐയെ സസ്പെൻഡ് ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. അഡീഷനൽ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കുന്നുണ്ട്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
രാജസ്ഥാനിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നിരവധി അതിക്രമങ്ങൾ ഇതിനകം നടന്നിട്ടുണ്ടെന്ന് ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രതികൾക്ക് കുറ്റം ചെയ്യുന്നതിന് ഒരു പേടിയുമില്ല. നിയമവലയിൽ നിന്ന് പുറത്തുകടക്കാമെന്ന ധൈര്യമാണ്. പ്രതിഷേധമുണ്ടായപ്പോൾ മാത്രമാണ് ഇപ്പോഴത്തെ സംഭവത്തിൽ കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.