റാഞ്ചി: പ്രാദേശിക ഭക്ഷ്യമേളയിൽ നിന്ന് ഭക്ഷണം കഴിച്ച 35 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഭക്ഷ്യമേളയിലെ സ്റ്റാളിൽനിന്ന് നൂഡിൽസ് കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. കുട്ടികളുടെ നില ഗുരുതരമായതോടെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടികളിൽ ഏഴ് പേരുടെ നില ഗുരുതരമാണെന്നും ഉചിതമായ ചികിത്സ നൽകുന്നുണ്ടെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി. മറ്റുള്ളവർ അപകടനില തരണം ചെയ്തതായും അധികൃതർ കൂട്ടിച്ചേർത്തു. അവരെ ഉടൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാനുനുള്ള നടപടികൾ ആരംഭിച്ചതായും ആശുപത്രി അധികൃതർ പറഞ്ഞു.
ഝാർഖണ്ഡിലെ റാഞ്ചി ജില്ലയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. തെംകി ഗ്രാമത്തിൽ സംഘടിപ്പിച്ച ജിതിയ ഉത്സവത്തിലെ ജാത്ര മേളക്കിടെയാണ് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. മേളയിൽ വിവിധ ഭക്ഷ്യവസ്തുക്കളുടെ സ്റ്റാൾ ഉണ്ടായിരുന്നു. അതിൽ ഒരു സ്റ്റാളിൽനിന്ന് നൂഡിൽസ് കഴിച്ച 35 കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
രണ്ട് മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികളെയാണ് വിഷബാധയേറ്റതിനെ തുടർന്ന് സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഛർദ്ദി, വയറുവേദന, നിർജലീകരണം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടികളെ പ്രവേശിപ്പിച്ചതെന്നും ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. ജയപ്രകാശ് പറഞ്ഞു.
ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിനുള്ളിൽ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാർ ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.