ഇന്ത്യ -പാകിസ്താൻ സംഘർഷം: 32 വിമാനത്താവളങ്ങൾ മേയ് 14 വരെ അടച്ചിടും

ന്യൂഡൽഹി: ഇന്ത്യ -പാകിസ്താൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വടക്കേ ഇന്ത്യയിലും പടിഞ്ഞാറൻ മേഖലയിലുമായി 32 വിമാനത്താവളങ്ങൾ മേയ് 14 വരെ അടച്ചിടുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. അധംപുർ, അംബാല, അമൃത്‌സർ, അവന്തിപുർ, ബതിൻഡ, ഭുജ്, ബിക്കാനിർ, ചണ്ഡീഗഡ്, ഹൽവാര, ഹിൻഡോൻ, ജയ്‌സാൽമീർ, ജമ്മു, ജാംനഗർ, ജോധ്പൂർ, കാണ്ട്‌ല, കാങ്‌ഗ്ര (ഗഗ്ഗൽ), കെഷോദ്, കിഷൻഗഡ്, കുളു മണാലി (ഭുന്തർ), ലേ, ലുധിയാന, മുന്ദ്ര, നലിയ, പത്താൻകോട്ട്, പട്യാല, പോർബന്തർ, രാജ്‌കോട്ട് (ഹിരാസർ), സർസവ, ഷിംല, ശ്രീനഗർ, തോയിസ്, ഉത്തർലായ് എന്നീ വിമാനങ്ങളാണ് അടച്ചിടുക.

പാകിസ്താനിലെയും പാക്കധീന കശ്മീരിലെയും ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ പ്രസിഷൻ ആക്രമണത്തെ തുടർന്ന് വ്യോമപാതകൾ അടച്ചിരുന്നു. ജമ്മു, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ പ്രദേശങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇന്ത്യൻ പ്രതിരോധ സംവിധാനങ്ങൾ ഭീഷണികളെ വിജയകരമായി തടയുകയും നിർവീര്യമാക്കുകയും ചെയ്തു. വ്യോമയാന സുരക്ഷ ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്.

നേരത്തെ, നിരവധി വിമാനക്കമ്പനികൾ സംഘർഷബാധിത മേഖലകളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ജമ്മു, ശ്രീനഗർ, ലേ, ജോധ്പൂർ, അമൃത്സർ, ചണ്ഡീഗഢ്, ഭുജ്, ജാംനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ സ്ഥിരീകരിച്ചു. യാത്രക്കാർക്ക് മുഴുവൻ റീഫണ്ടോ അല്ലെങ്കിൽ പുതിയ സീറ്റ് ബുക്ക് ചെയ്യാനുള്ള ഇളവോ നൽകുമെന്ന് കമ്പനി അറിയിച്ചു. സമാന രീതിയിൽ ഇൻഡിഗോ എയർലൈൻസും സർവീസുകൾ റദ്ദാക്കി.

നിലവിലെ സാഹചര്യത്തിൽ കർശന പരിശോധനാ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് യാത്രക്കാർ പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും എത്തിച്ചേരണമെന്ന് വിമാനക്കമ്പനികൾ നിർദ്ദേശിച്ചിട്ടുണ്ട്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി എല്ലാ യാത്രക്കാർക്കും സെക്കൻഡറി ലാഡർ പോയിന്റ് പരിശോധനകൾ നിർബന്ധമാക്കി. ടെർമിനലുകളിലേക്കുള്ള സന്ദർശക പ്രവേശനം താൽക്കാലികമായി നിർത്തിവച്ചു. ആവശ്യമുള്ളിടത്ത് എയർ മാർഷലുകളെ വിന്യസിക്കാനും നിർദ്ദേശമുണ്ട്.

Tags:    
News Summary - 32 airports shut till May 14 as India-Pak tensions escalate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.