പ്രയാഗ് രാജ്: കുംഭമേള നടക്കുന്ന ഉത്തർപ്രദേശിലെ പ്രയാഗ്‍രാജിൽ വൻ ട്രാഫിക് ജാം. 300 കിലോമീറ്ററോളം നീളത്തിൽ വാഹനങ്ങൾ കുടുങ്ങിക്കിടന്നു. റോഡുകളിൽ മണിക്കൂറുകളായി വാഹനങ്ങൾ നിരങ്ങിനീങ്ങുകയാണ്. ഞായറാഴ്ച കുംഭമേളക്ക് വന്ന ലക്ഷക്കണക്കിന് തീർത്ഥാടകരാണ് മേള സ്ഥലത്ത് നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെ കാറുകളക്‍ലും മറ്റും കുടുങ്ങിക്കിടക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് എന്നാണ് നെറ്റിസൺസ് ഇതേക്കുറിച്ച് വിശേഷിപ്പിക്കുന്നത്. മധ്യപ്രദേശ് വഴി മഹാകുംഭമേളക്ക് പോകുന്ന തീർഥാടകരുടെ വാഹനങ്ങളുടെ നിര 200-300 കിലോമീറ്റർ ദൂരെ വരെ നീണ്ടുനിൽക്കുകയാണ്. ഇതോടെ വിവിധ ജില്ലകളിലൂടെയുള്ള ഗതാഗതം നിർത്തിവെക്കാൻ പൊലീസ് നിർദേശം നൽകി.
പ്രയാഗ്‌രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങൾ തിരക്ക് ഒഴിവാക്കുന്നതിനായി മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളിൽ തടഞ്ഞുവെച്ചതായി പി.ടി.ഐ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. വാഹനങ്ങളിലുള്ളവരോട് സുരക്ഷിതമായ താമസസ്ഥലങ്ങൾ കണ്ടെത്താൻ പൊലീസ് ആവശ്യപ്പെട്ടു. കട്നി ജില്ലയിൽ തിങ്കളാഴ്ച വരെ ഗതാഗതം നിർത്തിവച്ചതായി പൊലീസ് അറിയിപ്പ് നൽകി. മൈഹാർ പൊലീസാകട്ടെ, വാഹനങ്ങൾ കട്നിയിലേക്കും ജബൽപൂരിലേക്കും തിരിച്ചുപോകാൻ ഉത്തരവിട്ടു. 200-300 കിലോമീറ്റർ ഗതാഗതക്കുരുക്കുള്ളതിനാൽ വണ്ടികൾക്ക് മുന്നോട്ട് നീങ്ങാൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ടിൽ പറഞ്ഞു.
മധ്യപ്രദേശിലെ കട്നി, ജബൽപൂർ, മൈഹാർ, രേവ ജില്ലകളിലെ റോഡുകളിൽ ആയിരക്കണക്കിന് കാറുകളും ട്രക്കുകളും നിരനിരയായി കിടക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കട്നി മുതൽ എംപി-യുപി അതിർത്തിയിലെ ചക്ഘട്ട് വരെയുള്ള 250 കിലോമീറ്റർ ദൂരത്തിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടായതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ‘ജബൽപൂരിന് 15 കിലോമീറ്റർ മുമ്പ് ഗതാഗതക്കുരുക്കിൽ പെട്ടുകിടക്കുകയാണ്. പ്രയാഗ്‌രാജിലേക്ക് ഇനി 400 കിലോമീറ്റർ ദൂരം താണ്ടാനുണ്ട്. മഹാകുംഭ മേളക്ക് വരുന്നതിനുമുമ്പ് ദയവായി ഗതാഗത സാഹചര്യം മനസ്സിലാക്കുക’ -തിരക്കിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു ഉപയോക്താവ് കുറിച്ചു.
കുംഭ മേളക്കിടെ ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കിൽ കുടുങ്ങിയെന്നും പ്രയാഗ്‌രാജ് പൂർണമായും ബ്ലോക്കിലാണെന്നും മറ്റൊരു ഉപയോക്താവ് എക്സിൽ എഴുതി. ‘ഏകദേശം അഞ്ച് കിലോമീറ്റർ സഞ്ചരിക്കാൻ അഞ്ച് മണിക്കൂർ എടുത്തു. ഈ സമയത്തിനകം ഞാൻ ലഖ്‌നൗവിൽ എത്തേണ്ടതായിരുന്നു. കുംഭമേളയിലെ മോശം ട്രാഫിക് മാനേജ്‌മെന്റ് കാരണം എന്റെ വിമാന ടിക്കറ്റ് റദ്ദാക്കി ഇരട്ടി നിരക്കിൽ മറ്റൊന്ന് ബുക്ക് ചെയ്യേണ്ടിവന്നു” -പോസ്റ്റിൽ പറയുന്നു.
ഞായറാഴ്ചത്തെ ഭക്തജനത്തിരക്കാണ് ഗതാഗതക്കുരുക്കിന് കാരണമെന്ന് രേവ സോൺ പൊലീസ് ഇൻസ്‌പെക്ടർ ജനറൽ സാകേത് പ്രകാശ് പാണ്ഡെ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ സ്ഥിതിഗതികൾ സാധാരണനിലയിലാകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രയാഗ്‌രാജ് ഭരണകൂടവുമായി ബന്ധപ്പെട്ട ശേഷം വാഹനങ്ങൾ മുന്നോട്ട് നീങ്ങാൻ മധ്യപ്രദേശ് പൊലീസ് അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, തങ്ങൾ 48 മണിക്കൂർ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതായി യാത്രക്കാർ പറഞ്ഞു. 50 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഏകദേശം 10-12 മണിക്കൂർ എടുക്കുന്നതായി മറ്റൊരാൾ പറഞ്ഞു. എം.പി-യു.പി അതിർത്തിയിൽ തിരക്ക് ഒഴിവാക്കാൻ വിവിധ സ്ഥലങ്ങളിൽ വാഹനങ്ങൾ തടയുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
Traffic Jam of 15 KM before Jabalpur ...still 400 KM to prayagraj. Please read traffic situation before coming to Mahakumbh! #MahaKumbh2025 #mahakumbh #MahaKumbhMela2025 @myogiadityanath @yadavakhilesh #kumbhamela #kumbh pic.twitter.com/BKmJ3HNIx7
— Nitun Kumar (@dash_nitun) February 9, 2025
അതേസമയം, മഹാകുംഭ മേളക്ക് പോകുന്ന തീർഥാടകരെ കടന്നുപോകാൻ സഹായിക്കണമെന്ന് ബിജെപി മധ്യപ്രദേശ് സംസ്ഥാന പ്രസിഡന്റ് വി.ഡി ശർമ്മ പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചു. ‘മഹാ കുംഭമേളയ്ക്ക് പോകുന്ന ഭക്തരെ സാധ്യമായ എല്ലാ വഴികളിലൂടെയും സഹായിക്കാൻ എല്ലാ പ്രവർത്തകരോടും അഭ്യർഥിക്കുന്നു. ആവശ്യമെങ്കിൽ ഭക്ഷണത്തിനും താമസത്തിനും ക്രമീകരണങ്ങൾ ചെയ്യുക. ഭക്തർക്ക് അസൗകര്യം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഈ മഹാ യാഗത്തിൽ നമുക്ക് നമ്മുടെ പങ്ക് വഹിക്കാം’ -ശർമ്മ ട്വീറ്റ് ചെയ്തു. ജനുവരി 13ന് ആരംഭിച്ച മഹാകുംഭമേള ഫെബ്രുവരി 26ന് അവസാനിക്കും.
മഹാ കുംഭ് നഗർ: മഹാ കുംഭമേളക്കെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു തിങ്കളാഴ്ച ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി. മഹാ കുംഭമേള വിശ്വാസത്തിന്റെയും ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും പ്രതീകമാണെന്ന് രാഷ്ട്രപതി പറഞ്ഞു. സ്നാനത്തിനുശേഷം രാഷ്ട്രപതി ഗംഗാനദിയിൽ നാളികേരം അർപ്പിച്ച് പ്രാർഥന നടത്തി. മനുഷ്യരാശിക്ക് ഐക്യത്തിന്റെയും ആത്മീയതയുടെയും സന്ദേശമാണ് മഹാ കുംഭമേള നൽകുന്നതെന്ന് രാഷ്ട്രപതി എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.