പിടിയിലായ കടുവ (ഫയൽചിത്രം)
ന്യൂഡൽഹി: വനംവകുപ്പിനെ ദിവസങ്ങളോളം വട്ടംകറക്കിയ കടുവ ഒടുവിൽ പിടിയിൽ. മൂന്ന് സംസ്ഥാനങ്ങളിലൂടെ 300ലധികം കിലോമീറ്ററാണ് ‘സീനത്തെ’ന്ന കടുവയെത്തേടി വനംവകുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ചത്. ഒഡിഷയിലെ സിമിലിപാലിൽ നിന്ന് ആരംഭിച്ച് പശ്ചിമബംഗാളിലെ ഗോപാൽപൂരിൽവെച്ച് സീനത്ത് പിടിയിലാവുന്നതുവരെ സർവത്ര അനിശ്ചിതത്വങ്ങളും ആശങ്കകളും നിറഞ്ഞ യാത്ര.
റിസർവിലെ കടുവകളുടെ ജീൻ പൂൾ ശക്തിപ്പെടുത്തുന്നതിനുള്ള പരിപാടിയുടെ ഭാഗമായി നവംബർ 14നാണ് മഹാരാഷ്ട്രയിലെ തഡോബ-അന്ധാരി ടൈഗർ റിസർവിൽ നിന്ന് മൂന്നുവയസ്സുള്ള സീനത്തിനെ സിമിലിപാൽ ടൈഗർ റിസർവിൽ എത്തിച്ചത്. തുടർന്ന് വനത്തിൽ തുറന്നുവിടപ്പെട്ട സീനത്ത് ഡിസംബർ എട്ടിന് ഝാർഖണ്ഡിലേക്ക് നീങ്ങുകയായിരുന്നു. ഝാർഖണ്ഡിലെ ചകുലിയ മേഖലയിൽ ഒരാഴ്ചയിലേറെ കറങ്ങിനടന്ന സീനത്ത് പശ്ചിമ ബംഗാളിലെ ജാർഗ്രാമിൽ പ്രവേശിച്ചു. പിന്നീട് പുരുലിയയിലെ ബന്ദ്വാനിലേക്കും അവിടെ നിന്ന് അതേ ജില്ലയിലെ മൻബസാറിലേക്കും നീങ്ങി. ഞായറാഴ്ച രാവിലെയാണ് കടുവ ബാങ്കുരയിലെ റാണിബന്ധ് മേഖലയിലേക്ക് കടന്നത്. ഒടുവിൽ പിടികൂടുമ്പോൾ പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ഒഡിഷ എന്നിവയുടെ അതിർത്തികളിലൂടെ 300 കിലോമീറ്ററിലധികം കടുവ സഞ്ചരിച്ചിരുന്നു.
മൂന്നാഴ്ചയാണ് സീനത്തിനെ തിരഞ്ഞ് അധികൃതർ നട്ടംതിരിഞ്ഞത്. ബംഗാൾ, ഒഡിഷ, ഝാർഖണ്ഡ് എന്നിവിടങ്ങളിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി തിരച്ചിൽ നടത്തിയെങ്കിലും സീനത്തിനെ കണ്ടെത്താനായില്ല. കെണിക്കൂടുകളിൽ നിന്ന് ഒഴിഞ്ഞുമാറുകയും, കാട്ടിലേക്ക് വഴിതെറ്റിയെത്തിയ ആടുകളെ കൊല്ലുകയും ചെയ്തായിരുന്നു സീനത്തിന്റെ യാത്ര. ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തിയെങ്കിലും നിബിഡവനങ്ങൾ വെല്ലുവിളിയായി. ഒടുവിൽ വനം വകുപ്പ് ജി.പി.എസ് ട്രാക്കർ വഴി ബങ്കുര ജില്ലയിലെ ഗോപാൽപൂർ വനത്തിൽ കടുവ നിൽക്കുന്നയിടം കണ്ടെത്തി. തുടർന്ന് മയക്കിയശേഷം പിടികൂടുകയായിരുന്നു. സീനത്ത് ഇപ്പോൾ ആരോഗ്യവതിയാണെന്നും ആശുപത്രിയിൽ വെറ്ററിനറി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ 21 ദിവസമായി കറങ്ങിയ സ്ഥലങ്ങളിൽ വേണ്ടത്ര ഇരകളെ ലഭിക്കാത്തതിനാൽ ക്ഷീണിതയായിരുന്നു കടുവ. കുറച്ചുദിവസം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷമാവും സീനത്ത് സിമിലിപാലിലേക്ക് തിരിച്ചെത്തുക. കടുവയെ പിടികൂടിയ വനം വകുപ്പ് അധികൃതർക്ക് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.