കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് രണ്ടുദിവസത്തിന് ശേഷവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തൃണമൂൽ കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ തമ്മിൽ വ്യാപക സംഘർഷം. സംഘർഷവുമായി ബന്ധപ്പെട്ട് മൂന്നു മരണങ്ങളും റിപ്പോർട്ട് ചെയ്തു. കൊൽക്കത്ത, ബിർഭം, നോർത്ത് 24 പർഗാനാസ് എന്നിവിടങ്ങളിലാണ് കൊലപാതകം റിപ്പോർട്ട് ചെയ്തത്. അക്രമ സംഭവങ്ങളിൽ ടി.എം.സിയും ബി.ജെ.പിയും പരസ്പരം പഴിചാരി.
ചൊവ്വാഴ്ച രാത്രി അസൻസോൾ വ്യാവസായിക മേഖലയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും നിരവധി തൃണമൂൽ കോൺഗ്രസ് ഓഫിസുകൾക്ക് തീയിട്ടിരുന്നു. നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടാതെ റാണിഗഞ്ച്, ബേൺപൂർ, ബരാബാനി എന്നിവിടങ്ങളിലെ തൃണമൂൽ ഓഫിസുകൾക്ക് കാവി നിറം പൂശിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ചൊവ്വാഴ്ച തൃണമൂലിന്റെയും ബി.ജെ.പിയുടെയും ഓരോ പ്രവർത്തകർ വീതം കൊല്ലപ്പെട്ടിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ന്യൂ ടൗണിൽ ബി.ജെ.പി പ്രവർത്തകനായ മധു മൊണ്ടൽ ടി.എം.സി പ്രവർത്തകരുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ന്യൂ ടൗണിൽ ബി.ജെ.പി വിജയ ഘോഷയാത്ര ഭല്ലിഗുരി പ്രദേശത്തുകൂടി കടന്നുപോകുമ്പോൾ ഉണ്ടായ തർക്കത്തെത്തുടർന്ന് മൊണ്ടൽ ആക്രമിക്കപ്പെട്ടതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മൊണ്ടാലിന്റെ മരണത്തെത്തുടർന്ന് പ്രദേശത്തെ ടി.എം.സി പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബി.ജെ.പി പ്രവർത്തകർ ആക്രമണം നടത്തുകയും തുടർന്ന് റോഡ് ഉപരോധിക്കുകയും ചെയ്തു. പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാൻ കേന്ദ്ര സേനയെ വിന്യസിച്ചതായി മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
ബിർഭുമിലെ നനൂറിൽ വെച്ച് ടി.എം.സി പ്രവർത്തകനായ അബിർ ഷെയ്ഖിനെ ചൊവ്വാഴ്ച രാവിലെ വെട്ടിക്കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുവെച്ചുതന്നെ ഇയാൾ മരിച്ചിരുന്നു. തിരിച്ചറിയാത്ത മറ്റൊരാൾക്ക് പരിക്കേറ്റു. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പ്രദേശത്ത് കൂടുതൽ പൊലീസ് സംഘത്തെ വിന്യസിച്ചതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ബി.ജെ.പി ഗുണ്ടകളാണ് പാർട്ടിയുടെ സജീവ പ്രവർത്തകനായി ഷെയ്ക്കിനെ കൊലപ്പെടുത്തിയതതെന്ന് നനൂറിൽ നിന്ന് വിജയിച്ച ടി.എം.സി നേതാവായ ബിദാൻ മാജ്ഹി ആരോപിച്ചു.
അക്രമ സംഭവങ്ങൾ തുടരുന്ന സാഹചര്യത്തിൽ ‘സീറോ ടോളറൻസ്’ സമീപനം സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ, സംസ്ഥാന ചീഫ് സെക്രട്ടറി, ഡയറക്ടർ ജനറൽ ഓഫ് പൊലീസ്, കേന്ദ്ര സായുധ പൊലീസ് സേന എന്നിവരോട് നിർദ്ദേശിച്ചു. സംസ്ഥാനത്ത് തുടരുന്ന അക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. കൊല്ലപ്പെട്ട പ്രവർത്തകന്റെ ചിത്രം പങ്കുവെച്ച് ‘ഭയാനകവും മരവിപ്പിക്കുന്നതും ആണെന്ന് തൃണമൂൽ എം.പി സാഗരിക ഘോഷ് എക്സിൽ കുറിച്ചു.
നോർത്ത് 24 പർഗാനാസിലെ സന്ദേശ്ഖലിയിൽ ബാമൻഗേരിയിൽ രാത്രി പട്രോളിങ്ങിനിടെ ന്യാജത്ത് പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് വെടിയേറ്റിരുന്നു. രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്നതിനിടെയാണ് അക്രമികൾ വെടിയുതിർത്തത്. ഉദ്യോഗസ്ഥർക്കും രണ്ട് കേന്ദ്ര സേന ജവാൻമാർക്കും പരിക്കേറ്റു. പരിക്കേറ്റവർ ചികിത്സയിലാണ്. പ്രതികളെ കണ്ടെത്താൻ പരിശോധന ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
കൊൽക്കത്തയിലെ ടോളിഗഞ്ച്, കസ്ബ എന്നിവിടങ്ങളിലും ബരുയിപൂർ, കമർഹതി, ബരാനഗർ, ഹൗറ, ബഹറാംപൂർ എന്നിവിടങ്ങളിലുമുള്ള ടി.എം.സി ഓഫീസുകൾ തിങ്കളാഴ്ച ഉച്ചമുതൽ ആക്രമിച്ച് നശിപ്പിച്ചതായി പശ്ചിമ ബംഗാൾ പൊലീസ് പറഞ്ഞു. ബി.ജെ.പിയുടെ കൊടിപിടിച്ച ഗുണ്ടകൾ വീടുതോറും കയറിയിറങ്ങി മാംസ വിൽപ്പനക്കാരെയും ബിരിയാണി വിൽപ്പനക്കാരെയും ഭീഷണിപ്പെടുത്തുകയും കട അടച്ചുപൂട്ടാനും സ്ഥലം മാറ്റാനും ഭീഷണിപ്പെടുത്തിയതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ‘അധികാരത്തിൽ വന്ന ഉടനെ തന്നെ ബി.ജെ.പി അതിന്റെ യഥാർഥ നിറം കാണിച്ചു’ വെന്ന് തൃണമൂൽ കോൺഗ്രസ് എക്സിൽ കുറിച്ചു.
അതേസമയം, സംസ്ഥാനത്തെ പ്രവർത്തകരോട് ശാന്തത പാലിക്കാൻ ബംഗാൾ ബി.ജെ.പി മേധാവി സാമിക് ഭട്ടാചാര്യ ആഹ്വാനം ചെയ്തു. പാർട്ടിയുടെ പേര് ഉപയോഗിച്ച് ചില അക്രമികൾ അശാന്തി സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ബി.ജെ.പി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.