ഗണേശ പൂജയ്ക്ക് 50,000 രൂപ സംഭാവന ചോദിച്ചു, വിസമ്മതിച്ച 22കാരന് ക്രൂര മർദ്ദനം; മൂന്ന് പേർ അറസ്റ്റിൽ

കൊൽക്കത്ത: ഗണേശ പൂജയ്ക്ക് സംഭാവന നൽകാൻ വിസമ്മതിച്ചതിന് വെള്ളിയാഴ്ച രാത്രി ബെൽഗാരിയയിലെ കോളനി ബസാർ പ്രദേശത്ത് 22 വയസ്സുള്ള യുവാവിനെ ഒരു കൂട്ടം ആളുകൾ ക്രൂരമായി ആക്രമിച്ചതായി പൊലീസ്. കമർഹതി മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള താമസക്കാരനായ ആദിത്യ മൊഹന്തിയെ തലയ്ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രാദേശിക ക്ലബ്ബിലെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ മകൻ പ്രതിഷേധിച്ചിരുന്നുവെന്നും പ്രദേശത്തെ ഗുണ്ടയായ രോഹിത് സിങ് ആവശ്യപ്പെട്ട പ്രകാരം ഗണേശ പൂജയ്ക്ക് 50,000 രൂപ സംഭാവന നൽകാൻ വിസമ്മതിച്ചതിനെതുടർന്ന് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അഞ്ച് പേരടങ്ങുന്ന സംഘം മകനെ ആക്രമിച്ചെന്ന് മൊഹന്തിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. അവരിൽ ഒരാൾ ബൈക്ക് തള്ളിയിട്ട് കാലിന് പരിക്കേൽപ്പിച്ചു. തുടർന്ന് ഇരുമ്പ് ദണ്ഡുകളും ഇഷ്ടികകളും ഉപയോഗിച്ച് അടിക്കാൻ തുടങ്ങി. മർദ്ദനത്തിനിടയിൽ തലക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അവശനായ മകനെ അടുത്തുള്ള അഴുക്കുചാലിലേക്ക് തള്ളിയിട്ടാണ് സംഘം മടങ്ങിയതെന്നും പരാതിയിൽ പറയുന്നുണ്ട്.

കൃത്യസമയത്ത് ഞങ്ങൾ സ്ഥലത്തെത്തിയില്ലായിരുന്നെങ്കിൽ അവർ എന്റെ മകനെ കൊല്ലാമായിരുന്നു എന്ന് ആദിത്യയുടെ പിതാവ് അശോക് കെ മൊഹന്തി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ബാരക്പൂർ, ടാക്കി പ്രദേശത്ത് നിന്നും രോഹിത് സിങ്, സയൻ ദാസ്, സൗരവ് ദത്ത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച ബാരക്പൂർ കോടതി മൂന്ന് പേരെയും ഒരു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

സംഘത്തിലെ അഞ്ച് ആളുകളുടെ പേരിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ സംഭവസ്ഥലത്ത് സിങ് ഉണ്ടായിരുന്നില്ല. പക്ഷെ മൊഹന്തിയെ ആക്രമിക്കാൻ തന്റെ ആളുകളോട് ഉത്തരവിട്ടതായി പറയപ്പെടുന്നുണ്ട്. രോഹിത് സിങ് നേരത്തെയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 2017 മുതൽ നാലിലധികം കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ കൊള്ളയടിക്കൽ, ആക്രമണം, പ്രാദേശിക ബിസിനസുകാരെ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളും ഉൾപ്പെടുന്നതായി പൊലീസ് പറഞ്ഞു.

ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളും തെറ്റാണ്. ഇത്രയും വലിയ തുക സംഭാവന ചോദിക്കാൻ അയാൾ എന്ത് ജോലിയാണ് ചെയ്യുന്നത്? ക്ലബ്ബിൽ സംഭാവന നൽകാൻ ധാരാളം പേർ വരുന്നുണ്ട്. പൂജകൾ എതിർക്കാൻ ആഗ്രഹിക്കുന്ന ചിലരുണ്ടിവിടെ. അവരുടെ തെറ്റായ പ്രവർത്തികളാണ് ഇവിടെ നടക്കുന്നത്. മൊഹന്തിയെ മർദ്ദിച്ചിട്ടുണ്ടെങ്കിൽ അത് പൂജയുമായി ബന്ധപ്പെട്ടിട്ടുള്ള, മറിച്ച് കൂടെയുള്ള സുഹൃത്തിന്റെ ഭാര്യയെക്കുറിച്ച് അശ്ലീല പരാമർശങ്ങൾ നടത്തിയതിനാലാണെന്ന് രോഹിത് സിങ് അവകാശപ്പെട്ടു.

സോഷ്യൽ മീഡിയയിലൂടെയാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് വാർഡ് കൗൺസിലർ അർപിത ഘോഷ് മാധ്യമങ്ങളോടെ പറഞ്ഞു. സംഭവത്തിൽ ആദിത്യ മൊഹന്തിയുടെ കുടുംബത്തോട് സംസാരിച്ചു, തുടർന്ന് പൊലീസിൽ പരാതി നൽകാൻ ആവശ്യപ്പെട്ടു. എല്ലാ കുറ്റവാളികളെയും പിടികൂടി ശിക്ഷിക്കണം. എന്ന് ഘോഷ് പറഞ്ഞു.

Tags:    
News Summary - 22-year-old brutally beaten for refusing to donate Rs 50,000 for Ganesh Puja; Three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.