പാക്​ അധീന കശ്​മീരിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യയുടെ മിന്നലാക്രമണം

ന്യൂഡല്‍ഹി: നിയന്ത്രണരേഖക്കപ്പുറം പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകള്‍ക്കുനേരെ ഇന്ത്യന്‍ സൈന്യത്തിന്‍െറ മിന്നലാക്രമണം. പാകിസ്താന്‍െറ രണ്ടു കിലോമീറ്റര്‍വരെ ഉള്ളിലേക്ക് കടന്നുചെന്ന് നടത്തിയ കമാന്‍ഡോ മോഡല്‍ ആക്രമണം ഭീകരര്‍ക്ക് കനത്ത നാശമുണ്ടാക്കിയെന്നും നിരവധി ഒളികേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും സൈന്യം വെളിപ്പെടുത്തി. സൈനിക നീക്കത്തില്‍ രണ്ട് പാക് സൈനികരും 30ഓളം ഭീകരരും കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍, വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതിനെ തുടര്‍ന്ന് അതിര്‍ത്തി നിയന്ത്രണ രേഖയില്‍ ഇരുസേനകളും ഏറ്റുമുട്ടിയെന്നും തങ്ങളുടെ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടുവെന്നും പാകിസ്താന്‍ പ്രതികരിച്ചു. ഇത്തരം സംഭവം ആവര്‍ത്തിച്ചാല്‍ തിരിച്ചടിക്കുമെന്നും അവര്‍ പറഞ്ഞു.

ഉറി ഭീകരാക്രമണത്തിനു ശേഷം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ രൂപപ്പെട്ട നയതന്ത്ര യുദ്ധമാണ് ബുധനാഴ്ച രാത്രി സൈനിക നടപടിയായി പൊട്ടിത്തെറിച്ചത്.
വിദേശകാര്യ വക്താവ് വികാസ് സ്വരൂപിനൊപ്പം വിദേശകാര്യ മന്ത്രാലയത്തില്‍ നടത്തിയ അസാധാരണ വാര്‍ത്താസമ്മേളനത്തില്‍ മിലിട്ടറി ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ്ങാണ് മിന്നല്‍ പ്രഹരത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

ഇന്ത്യയിലേക്ക് കടക്കാന്‍ ഭീകരര്‍ തമ്പടിച്ച കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ബുധനാഴ്ച അര്‍ധരാത്രിക്കു ശേഷമാണ് ‘സര്‍ജിക്കല്‍ സ്ട്രൈക്’ എന്ന് വിളിക്കുന്ന പരിമിത ആക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. നുഴഞ്ഞുകയറ്റം നടത്തി ജമ്മു-കശ്മീരിലും ചില ഇന്ത്യന്‍ നഗരങ്ങളിലും ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നുവെന്ന സൂചന കിട്ടിയതിനെ തുടര്‍ന്നായിരുന്നു ‘ഗണ്യമായ നാശം’ വരുത്തിയ സൈനികാക്രമണം. സൈനിക നടപടി അവസാനിച്ചെന്നും ജാഗ്രത തുടരുമെന്നും ഡയറക്ടര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സേനയുടെ നീക്കത്തെക്കുറിച്ച് പിന്നീട് പാക് മിലിട്ടറി ഓപറേഷന്‍സ് ഡയറക്ടര്‍ ജനറലിനെ വിവരം അറിയിച്ചു.  2004ല്‍ ഉണ്ടാക്കിയ ധാരണപ്രകാരം തങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലകള്‍ ഭീകരതയുടെ വളര്‍ത്തു കേന്ദ്രമാകാതിരിക്കാന്‍ പാകിസ്താന്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍, ഇന്ത്യന്‍ സേന അതിര്‍ത്തി കടന്നത്തെിയെന്ന് പാകിസ്താന്‍ അംഗീകരിക്കുന്നില്ല. മിന്നല്‍ പ്രഹരം നടത്തിയെന്നത് കളവാണെന്നും പൊതുജനത്തെ കബളിപ്പിക്കുന്ന പ്രചാരണമാണെന്നും പാക് പ്രധാനമന്ത്രി നവാസ് ശരീഫ് കുറ്റപ്പെടുത്തി. രാത്രി രണ്ടര മുതല്‍ രാവിലെ എട്ടുവരെ അതിര്‍ത്തി നിയന്ത്രണ രേഖയിലെ ഭിംബര്‍, ഹോട്സ്പ്രിങ്, കേല്‍, ലിപ മേഖലകളില്‍ പരസ്പരം കാര്യമായ വെടിവെപ്പു നടന്നുവെന്നും ഇന്ത്യന്‍ സൈന്യത്തിന് തക്ക തിരിച്ചടി നല്‍കിയെന്നുമാണ് പാകിസ്താന്‍െറ ഇന്‍റര്‍ സര്‍വിസസ് പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ വിശദീകരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.