സര്‍ക്കാറിനെതിരായ ഗൂഢാലോചന നാളെ വെളിപ്പെടുത്തും –കെജ്രിവാള്‍

ന്യൂഡല്‍ഹി: ആം ആദ്മി സര്‍ക്കാറിനെതിരായ വന്‍ ഗൂഢാലോചന വെള്ളിയാഴ്ച പരസ്യപ്പെടുത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.
എം.എല്‍.എമാര്‍ അടിക്കടി അറസ്റ്റിലാവുകയും അവസാനമായി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനെ ആദായനികുതി വകുപ്പ് വിളിച്ചുവരുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാറിനെതിരായ നീക്കങ്ങള്‍ നിയമസഭയില്‍ പരസ്യപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്.

എം.എല്‍.എമാരെയും മന്ത്രിമാരെയും അറസ്റ്റ് ചെയ്യുന്നു, മുഖ്യമന്ത്രിക്കെതിരെ  എഫ്.ഐ.ആര്‍ നല്‍കുന്നു, സി.ബി.ഐ റെയ്ഡ് നടത്തുന്നു തുടങ്ങിയവക്കെല്ലാം പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് കെജ്രിവാള്‍ ട്വിറ്ററില്‍ ആരോപിച്ചു. നിരപരാധിയായ മന്ത്രി ജെയിനിനെ കുടുക്കാന്‍ ശ്രമിക്കുകയാണ്. രേഖകള്‍ പരിശോധിച്ചതില്‍നിന്ന് അദ്ദേഹത്തിന്‍െറ നിരപരാധിത്വം ബോധ്യപ്പെട്ടു. തെറ്റുകാരനായിരുന്നെങ്കില്‍ അദ്ദേഹത്തെ നീക്കിയേനെ. എന്നാല്‍, അപരാധിയല്ലാത്തതിനാല്‍ അദ്ദേഹത്തോടൊപ്പം പാര്‍ട്ടിയും സര്‍ക്കാറും ഉറച്ചുനില്‍ക്കും.

കമ്പനികള്‍ക്ക് ടാക്സ് ഇളവ് നല്‍കിയെന്നും അനധികൃതമായി പണം കൈമാറ്റം നടത്തിയെന്നും ആരോപിച്ചാണ് ജെയിനിനെ ആദായ നികുതി വകുപ്പ് വിളിച്ചുവരുത്തുന്നത്. അന്വേഷണം നേരിടുന്ന ഒരു കൊല്‍ക്കത്ത കമ്പനിയിലെ  മുഖ്യ നിക്ഷേപകന്‍ ജെയിന്‍ ആണെന്നാണ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. ഇതേക്കുറിച്ച് മൊഴി നല്‍കാന്‍ ഒക്ടോബര്‍ നാലിന് ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, തന്നെ സാക്ഷിയായാണ് വിളിച്ചിരിക്കുന്നതെന്ന് ജെയിന്‍ പറയുന്നു. നാലു വര്‍ഷം മുമ്പ് ഈ കമ്പനികളില്‍ പണം നിക്ഷേപിച്ചിരുന്നുവെന്നും 2013നുശേഷം അവയുമായി ബന്ധമില്ളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.