കര്‍ണാടകയില്‍ ഇന്ന് വീണ്ടും സര്‍വകക്ഷി യോഗം

ബംഗളൂരു: മൂന്നു ദിവസത്തേക്ക് തമിഴ്നാടിന്  വെള്ളം വിട്ടുകൊടുക്കണമെന്ന കോടതി ഉത്തരവ് എങ്ങനെ നേരിടണമെന്ന് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച വീണ്ടും സര്‍വകക്ഷി യോഗം ചേരും. കാവേരിയിലെ അവശേഷിക്കുന്ന ജലം സംസ്ഥാനത്തെ കുടിവെള്ള ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്നുള്ള നിയമസഭാ പ്രമേയം നിലനില്‍ക്കുന്നതിനാലാണ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്.

രാവിലെ വിധാന്‍ സൗധയിലെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. തുടര്‍ന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. അതുവരെ തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കില്ല. ഉത്തരവ് ലംഘിക്കുന്നത് കോടതിയലക്ഷ്യ നടപടികള്‍ ക്ഷണിച്ചുവരുത്തുന്നതിന് ഇടയാക്കും.
അതേസമയം, കോടതി ഉത്തരവ് വന്നതിനു പിന്നാലെ മൈസൂരു, മാണ്ഡ്യ, ശ്രീരംഗപട്ടണം, ചാമരാജ്നഗര്‍ എന്നിവിടങ്ങളിലെല്ലാം കര്‍ഷകരും കന്നട അനുകൂല സംഘടനകളും പ്രതിഷേധവുമായി നിരത്തിലിറങ്ങി.

മാണ്ഡ്യയിലും ശ്രീരംഗപട്ടണത്തും പ്രതിഷേധക്കാര്‍ ബംഗളൂരു-മൈസൂരു ദേശീയപാത ഉപരോധിച്ചതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ഏതാനും സമയം തടസ്സപ്പെട്ടു. പൊലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്. ബംഗളൂരുവില്‍ കാര്യമായ ചലനം ഉണ്ടാക്കിയിട്ടില്ല. മാണ്ഡ്യയിലും മൈസൂരുവിലും ബംഗളൂരുവിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. മുന്‍കരുതലെന്ന നിലയില്‍ നിരോധാജ്ഞയും പ്രഖ്യാപിച്ചിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.