ഹിന്ദുമുന്നണി നേതാവിനെ വെട്ടിക്കൊന്നു: കോയമ്പത്തൂരില്‍ വ്യാപക അക്രമം

കോയമ്പത്തൂര്‍:ഹിന്ദുമുന്നണി ജില്ലാ കണ്‍വീനറും പബ്ളിക് റിലേഷന്‍സ് ഓഫിസറുമായ കോയമ്പത്തൂര്‍ ഗൗഡര്‍ മില്‍സ് സുബ്രഹ്മണ്യംപാളയത്തെ ശശികുമാര്‍ (36) കോയമ്പത്തൂര്‍ നഗരത്തില്‍ വെട്ടേറ്റ് മരിച്ചു. സംഭവത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍, തിരുപ്പൂര്‍, മേട്ടുപാളയം, നീലഗിരി തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപക അക്രമം അരങ്ങേറി.

 വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയ ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ കോയമ്പത്തൂര്‍, തിരുപ്പൂര്‍, മേട്ടുപാളയം, നീലഗിരി തുടങ്ങിയ സ്ഥലങ്ങളില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. സര്‍ക്കാര്‍ ബസുകള്‍ക്കുനേരെ കല്ളേറുണ്ടായതോടെ സര്‍വിസ് നിലച്ചു. ജില്ലയില്‍ ഇരുപതോളം ബസുകളാണ് പ്രതിഷേധക്കാര്‍ തകര്‍ത്തത്. ഓട്ടോ-ടാക്സികളും നിരത്തിലിറങ്ങിയില്ല. ചിലയിടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കുനേരെ ആക്രമണം നടന്നു. ഇതോടെ കടകളടച്ചു. മേട്ടുപാളയത്ത് അക്രമികള്‍ ഓട്ടോറിക്ഷക്ക് തീയിട്ടത് കൂടുതല്‍ സംഘര്‍ഷത്തിനിടയാക്കി.

വിദ്യാര്‍ഥികള്‍ വരാത്തതിനാല്‍ സ്കൂളുകളിലും കോളജുകളിലും അധ്യയനം നടന്നില്ല. സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഹാജര്‍ നില കുറവായിരുന്നു. അക്രമം ഭയന്ന് സ്വകാര്യ വാഹനങ്ങളും ഓടിയില്ല. മെഡിക്കല്‍ കോളജാശുപത്രി, ടൗണ്‍ ഹാള്‍, തുടിയല്ലൂര്‍, മേട്ടുപാളയം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തകര്‍ റോഡ് തടഞ്ഞു. പൊള്ളാച്ചി, പല്ലടം, ധാരാപുരം തുടങ്ങിയ സ്ഥലങ്ങളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ബസ് സര്‍വിസുണ്ടായിരുന്നെങ്കിലും യാത്രക്കാര്‍ കുറവായിരുന്നു. നഗരത്തില്‍ കടകളടപ്പിക്കാന്‍ ശ്രമിച്ച അഞ്ച് ഹിന്ദുമുന്നണി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് ആശുപത്രി പരിസരത്ത് തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ ബിഗ് ബസാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

സിറ്റി പൊലീസ് കമീഷണര്‍ എ. അമല്‍രാജ് നേതാക്കളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. അതിനിടെ ടൗണ്‍ ഹാളില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തി വീശിയത് സംഘര്‍ഷത്തിനിടയാക്കി. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍നിന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം വിലാപയാത്രയായാണ് സ്വദേശമായ തുടിയല്ലൂര്‍ വൈദ്യുതി ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. വിലാപയാത്രക്കിടെയും അക്രമം നടന്നു.

തുടിയല്ലൂരില്‍ പൊലീസ് ജീപ്പിന് തീയിട്ടു. വടമധുര ഭാഗത്ത് കാറുകള്‍ ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ക്കും തീവെച്ചതായി റിപ്പോര്‍ട്ടുണ്ട്. കോവൈപുതൂര്‍-ഗണപതി റൂട്ടിലോടുന്ന സര്‍ക്കാര്‍ ബസും തീക്കിരയായി. നഗരത്തിലെ അഞ്ച് ആരാധനാലയങ്ങള്‍ക്കും നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്കുനേരെയും ആക്രമണമുണ്ടായി.

ഒന്നര വര്‍ഷം മുമ്പ് ബി.ജെ.പി സിറ്റി ഓഫിസില്‍ ലഭിച്ച ഭീഷണിക്കത്തില്‍ നാല് പേരുടെ പട്ടികയില്‍ ശശികുമാറും ഉള്‍പ്പെട്ടിരുന്നു. പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. പ്രതികളെ പിടികൂടാന്‍ അഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ജില്ലാ റൂറല്‍ പൊലീസ് സൂപ്രണ്ട് രമ്യാഭാരതി അറിയിച്ചു. ശശികുമാറിന്‍െറ ഭാര്യ യമുന ഗര്‍ഭിണിയാണ്. മേഖല വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ സര്‍വകക്ഷി പ്രതിനിധി സംഘം ജില്ലാ കലക്ടറെ നേരില്‍ കണ്ട് നിവേദനം നല്‍കി. എ.ഡി.ജി.പി ത്രിപാഠി കോയമ്പത്തൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.