സ്വാതി വധക്കേസ് പ്രതിയുടെ ആത്മഹത്യ: മനുഷ്യാവകാശ കമീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

കോയമ്പത്തൂര്‍: ഇന്‍ഫോസിസ് ജീവനക്കാരിയായ സ്വാതിയെ ചെന്നൈ നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി രാംകുമാര്‍ ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തമിഴ്നാട് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
തമിഴ്നാട് ജയില്‍ വകുപ്പിന്‍െറ ചുമതല വഹിക്കുന്ന എ.ഡി.ജി.പിയോട് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. കമീഷന്‍ സ്വമേധയാ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റോയപേട്ട ഗവ. ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

സി.ബി.ഐ അന്വേഷണം വേണമെന്നും ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ പോസ്റ്റുമോര്‍ട്ടത്തിന് നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് രാംകുമാറിന്‍െറ അഭിഭാഷകന്‍ തിങ്കളാഴ്ച മദ്രാസ് ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നു.
ഇതിന്‍െറ അടിസ്ഥാനത്തില്‍ മൂന്നംഗ ഡോക്ടര്‍മാരെ കൂടി നിയമിച്ച് പോസ്റ്റുമോര്‍ട്ടത്തിന് കോടതി ഉത്തരവിട്ടു. സംഭവത്തില്‍ തിരുവള്ളൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി തമിഴ്ശെല്‍വിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും ആരംഭിച്ചു. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂവെന്ന് രാംകുമാറിന്‍െറ കുടുംബാംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്.
ആസൂത്രിത കൊലപാതകമാണെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും പിതാവ് പരമശിവം ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.