ആരവല്ലിയുടെ പുനഃർനിർവചനം; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

ന്യൂഡൽഹി: ആരവല്ലി കുന്നുകളുടെ നിർവചനത്തിൽ അടുത്തിടെയുണ്ടായ മാറ്റവുമായി ബന്ധപ്പെട്ട ആശങ്കകൾ മുൻനിർത്തി സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, എ.ജി. മാസിഹ് എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് നാളെ ഈ വിഷയം പരിശോധിക്കും. ആരവല്ലി കുന്നുകളുടെ പുനഃർനിർവചനത്തെച്ചൊല്ലി പൊതുജന പ്രതിഷേധങ്ങളും ശക്തമായ എതിർപ്പുകളും ഉയർന്നതിനെ തുടർന്നാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

പുതിയ നിർവചനത്തിൽ, ആരവല്ലി കുന്നുകളിൽ പ്രാദേശിക ഭൂപ്രദേശങ്ങളിൽ നിന്ന് കുറഞ്ഞത് 100 മീറ്റർ ഉയരമുള്ള നിർദിഷ്ട ജില്ലകളിലെ ഭൂപ്രകൃതികൾ മാത്രമാണ് ഉൾപ്പെടുക. ഇതോടെ നൂറു മീറ്ററിൽ താഴെവരുന്ന കുന്നുകളും പ്രദേശങ്ങളും സുരക്ഷിതമല്ലാതായി മാറുമെന്നാണ് പ്രതിഷേധത്തിന്റെ കാതൽ. പുതിയ നിർവചനം മേഖലയിലെ ഖനന, നിർമാണ പ്രവർത്തനങ്ങൾക്ക് നിയമസാധുത നൽകുമെന്നും ഇത് ദുർബലമായ ആവാസവ്യവസ്ഥക്ക് മാറ്റാനാവാത്ത ദോഷം വരുത്തുമെന്നും പരിസ്ഥിതി സംഘടനകളും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ ആരവല്ലി കുന്നുകളുടെയും മലനിരകളുടെയും നിർവചനത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന പൊരുത്തക്കേടുകളാണ് ഈ വിവാദത്തിന് കാരണം. ഇവ നേരത്തെ നിയന്ത്രണ വിടവുകൾ സൃഷ്ടിക്കുകയും അനധികൃത ഖനനം സാധ്യമാക്കുകയും ചെയ്തിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സുപ്രീംകോടതി ഒരു ഉന്നതതല സമിതി രൂപീകരിക്കുകയും, ഖനന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി കമ്മിറ്റി ശിപാർശ ചെയ്ത നിർവചനം അംഗീകരിച്ചുകൊണ്ട് ഈ വർഷം നവംബറിൽ ഒരു വിധി പുറപ്പെടുവിക്കുകയും ചെയ്തു. 

പരിസ്ഥിതി ലോലമായ ആരവല്ലി മേഖലയിൽ പുതിയ ഖനന പ്രവർത്തനങ്ങൾ അനുവദിക്കുന്നതിന് മുമ്പ് സുസ്ഥിര ഖനനത്തിനായി ഒരു മാനേജ്മെന്റ് പ്ലാൻ തയ്യാറാക്കാൻ കോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു. വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ മരുഭൂമീകരണം തടയുന്നതിലും ഭൂഗർഭജലം നിലനിർത്തുന്നതിലും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും നിർണായക പങ്കിന് പേരുകേട്ടതാണ് ആരവല്ലി കുന്നുകൾ.

Tags:    
News Summary - Redefinition of Aravalli; Supreme Court takes Suo Motu cognisance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.