ഇന്ത്യ-പാക് ബന്ധം കൂടുതല്‍ ഉലയുന്നു

ന്യൂഡല്‍ഹി: പരസ്പരബന്ധം പാളംതെറ്റിനില്‍ക്കുന്ന നേരത്തുണ്ടായ ഉറി ഭീകരാക്രമണം ഇന്ത്യ-പാക് ബന്ധം കൂടുതല്‍ ഉലച്ചു. പുതിയ സംഘര്‍ഷസാഹചര്യങ്ങള്‍ യുദ്ധജ്വരത്തിലേക്ക് എത്തിക്കാനുള്ള വ്യഗ്രത പല കേന്ദ്രങ്ങളും പ്രകടിപ്പിച്ചുതുടങ്ങിയത് അസമാധാനത്തെക്കുറിച്ച ആശങ്കക്ക് വഴിവെച്ചു. ബന്ധങ്ങളില്‍ കൂടുതല്‍ അകല്‍ച്ച പ്രകടമാകുന്ന നയതന്ത്ര നടപടികള്‍ ഉടനടി ഉണ്ടായേക്കും. ഇന്ത്യയുടെ ഭാഗത്ത് സുരക്ഷാപ്പിഴവ് ഉണ്ടായെന്ന ആക്ഷേപം ശക്തമാണ്. ഇതിനിടയിലും, ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്ന ആരോപണം അന്താരാഷ്ട്ര വേദികളില്‍ ശക്തമായി ഉന്നയിച്ച് പാകിസ്താനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഭീകരാക്രമണം ഇന്ത്യക്ക് ഏറെ സഹായകമാകും. പാകിസ്താനുമായുള്ള വ്യാപാര ബന്ധങ്ങള്‍ നിര്‍ത്തിവെക്കുക, അതിപ്രിയ രാജ്യപദവി (എം.എഫ്.എന്‍) എടുത്തുകളയുക തുടങ്ങിയ നിര്‍ദേശങ്ങളും ഉയരുന്നുണ്ട്.

പത്താന്‍കോട്ട് ഭീകരാക്രമണം ഉണ്ടായപ്പോള്‍ അസാധാരണമായ സംയമനം ഇന്ത്യ, പാക് ഭരണകൂടങ്ങള്‍ കാണിച്ചിരുന്നു.
ആരോപണത്തിന്‍െറ കുന്തമുന നീട്ടുന്നതിനുപകരം ഭീകരാക്രമണത്തെക്കുറിച്ച അന്വേഷണത്തിനാണ് ഇരുകൂട്ടരും താല്‍പര്യം കാണിച്ചത്. യുദ്ധജ്വരം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. അന്വേഷണ നടപടികളുമായി തുടക്കത്തില്‍ പാകിസ്താന്‍ നല്ല നിലയില്‍ സഹകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇക്കുറി കാര്യങ്ങള്‍ അങ്ങനെയല്ല. കശ്മീര്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പരസ്പരബന്ധം മോശമായി നില്‍ക്കുന്ന ഘട്ടത്തിലുണ്ടായ ഭീകരാക്രമണം, ശത്രുരാജ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടാനുള്ള പ്രേരണയാക്കി വളര്‍ത്താനാണ് ശ്രമം നടക്കുന്നത്.

തന്ത്രപരമായ സംയമനത്തിന്‍െറ കാലം കഴിഞ്ഞെന്നാണ് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ് പ്രതികരിച്ചത്. പാകിസ്താനെതിരെ അടിയന്തര നടപടി വേണമെന്നും സൈനികസാധ്യതകള്‍ തുറന്നിടണമെന്നുമാണ് കരസേനാ മുന്‍ മേധാവിമാര്‍ നടത്തിയ പ്രതികരണം. ആവശ്യമെങ്കില്‍ ചില കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി സൈനികാക്രമണം നടത്തണമെന്നാണ് റിട്ട. ലെഫ്. ജനറല്‍ ബി.എസ്. ജസ്വാള്‍ അഭിപ്രായപ്പെട്ടത്. ഇന്ത്യ ഒരു നടപടിയുമെടുക്കില്ളെന്ന് ഉറപ്പിച്ചുകൊണ്ടാണ് പാകിസ്താന്‍ ഭീകരാക്രമണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് റിട്ട. മേജര്‍ ഗൗരവ് ആര്യ പറഞ്ഞത്.

അതിര്‍ത്തി ഭദ്രമാക്കാനെന്ന പേരില്‍ ആയിരക്കണക്കിന് സൈനികരെ കശ്മീരിലേക്ക് വിന്യസിച്ച് ദിവസങ്ങള്‍ക്കകമാണ് ഉറി ഭീകരാക്രമണം. കശ്മീര്‍ പ്രക്ഷോഭകരെ നേരിടാനല്ല, അതിര്‍ത്തിസുരക്ഷക്കാണ് അസാധാരണമായ സൈനികവിന്യാസമെന്ന വിശദീകരണം പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ നല്‍കുകയും ചെയ്തതാണ്. കശ്മീരില്‍ സമീപകാലത്തില്ലാത്ത സൈനികവിന്യാസത്തിനിടയിലും അതിര്‍ത്തി നിയന്ത്രണരേഖക്കു സമീപം ഈ പിഴവ് സംഭവിച്ചത് പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്. എല്ലാറ്റിനുമിടയില്‍ കശ്മീരിനെ മറ്റൊരു പ്രതിസന്ധിയിലേക്കാണ് ഈ സംഭവം എത്തിച്ചിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.