തമിഴ്നാട് ബന്ദ്: സ്റ്റാലിന്‍, കനിമൊഴി, വൈക്കോ തുടങ്ങിയ നേതാക്കള്‍ അറസ്റ്റ് വരിച്ചു

കോയമ്പത്തൂര്‍: കാവേരി പ്രശ്നവുമായി ബന്ധപ്പെട്ട് കര്‍ഷക-വ്യാപാരി സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് സമാധാനപരം. പറയത്തക്ക അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. സംസ്ഥാനമൊട്ടുക്കും റോഡ്-ട്രെയിന്‍ തടയല്‍ സമരം നടത്തിയ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. സ്റ്റാലിന്‍, വൈക്കോ, കനിമൊഴി, തിരുമാവളവന്‍, ജി. രാമകൃഷ്ണന്‍ തുടങ്ങിയ നേതാക്കളും അറസ്റ്റ് വരിച്ചവരില്‍ ഉള്‍പ്പെടും.  ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ ഒഴികെ മറ്റെല്ലാ രാഷ്ട്രീയകക്ഷികളും ബന്ദിനെ പിന്തുണച്ചിരുന്നു. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു.

അതേസമയം, ഹോട്ടലുകള്‍ തുറന്നു. സര്‍ക്കാര്‍ ബസുകള്‍ സര്‍വിസ് നടത്തിയെങ്കിലും യാത്രക്കാര്‍ കുറവായിരുന്നു. സ്വകാര്യ സ്കൂളുകള്‍ തുറന്നില്ല. സര്‍ക്കാര്‍ വിദ്യാലയങ്ങളും സര്‍ക്കാര്‍ ഓഫിസുകളും തുറന്നെങ്കിലും ഹാജര്‍നില കുറവായിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ പെട്രോള്‍ പമ്പുകളും അടച്ചിട്ടു. വിടുതലൈ ശിറുതൈകള്‍ കക്ഷി പ്രവര്‍ത്തകര്‍ ജില്ലാ കേന്ദ്രങ്ങളില്‍ ട്രെയിന്‍ തടയല്‍ സമരം നടത്തി. ഇതുകാരണം ചില ട്രെയിനുകള്‍ വൈകി.

കനത്ത സുരക്ഷയിൽ കർണാടക -തമിഴ്നാട് അതിർത്തി ചെക്ക്പോസ്റ്റ്.
 

കര്‍ണാടക-തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ റോഡുകള്‍ അടച്ചിട്ടു. ഇതിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടില്ല. ഇതുമൂലം അന്തര്‍സംസ്ഥാന വാഹന ഗതാഗതം പൂര്‍ണമായും മുടങ്ങി. ഇരു സംസ്ഥാനങ്ങളിലെയും വന്‍ പൊലീസ് സംഘങ്ങളാണ് ഇവിടങ്ങളില്‍ നിലയുറപ്പിച്ചത്. ഊട്ടി, ഏര്‍ക്കാട്, കൊടൈക്കനാല്‍, കന്യാകുമാരി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകരുടെ തിരക്ക് കുറവായിരുന്നു. ഡി.എം.ഡി.കെയുടെ ആഭിമുഖ്യത്തില്‍ ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനകേന്ദ്രത്തില്‍ നിരാഹാര സമരം നടത്തി. പ്രേമലത വിജയ്കാന്ത് നേതൃത്വം നല്‍കി. ഗാന്ധിപുരത്ത് രണ്ട് ബേക്കറികള്‍ക്കുനേരെ ഡി.എം.കെ പ്രവര്‍ത്തകര്‍ കല്ളെറിഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ടെക്സ്റ്റൈല്‍ നഗരമായ തിരുപ്പൂരില്‍ ഭൂരിഭാഗം തുണിമില്ലുകളും കയറ്റുമതി സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. സംസ്ഥാനമൊട്ടുക്കും ഒരു ലക്ഷത്തിലധികം പൊലീസുകാരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.