ഡാം സുരക്ഷാ ബില്ലിനെതിരെ തമിഴ്നാട്

ന്യൂഡല്‍ഹി: കേന്ദ്ര ജലവിഭവ മന്ത്രാലയം പുതുതായി തയാറാക്കിയ ഡാം സുരക്ഷാ കരടു ബില്‍-2016 തമിഴ്നാടിന് ദോഷകരമാണെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മുല്ലപ്പെരിയാറില്‍ അടക്കം തമിഴ്നാടിന്‍െറ അവകാശവാദങ്ങള്‍ അപകടപ്പെടുത്തുന്നതാണ് കരടു ബില്‍ എന്ന തിരിച്ചറിവിലാണ് കത്ത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട തമിഴ്നാടിന്‍െറ ആശങ്ക കത്തില്‍ ജയലളിത പങ്കുവെക്കുന്നത് ഇപ്രകാരം: ഒരു സംസ്ഥാനത്തിന്‍െറ ഉടമസ്ഥതയിലുള്ളതും പ്രവര്‍ത്തിപ്പിച്ചു പരിപാലിക്കുന്നതുമായ അണക്കെട്ടുകള്‍, ദീര്‍ഘകാല അന്തര്‍സംസ്ഥാന കരാറുകള്‍ വഴി മറ്റൊരു സംസ്ഥാനത്താകാം എന്ന സ്ഥിതിയുണ്ട്. ഇതേക്കുറിച്ച് കരടു ബില്ലില്‍ ഒന്നും പറയുന്നില്ല. ഗുരുതര വീഴ്ചയാണിത്. തമിഴ്നാടിന്‍െറ മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, തുണക്കടവ്, പെരുവാരിപ്പള്ളം ഡാമുകള്‍ ഇതിന് ഉദാഹരണമാണെന്നും ജയലളിത കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. കരടു ബില്ലില്‍ ഇങ്ങനെ സംഭവിച്ചത് നോട്ടപ്പിഴയാണോ ബോധപൂര്‍വമാണോ എന്ന സംശയവും ജയലളിത പ്രകടിപ്പിച്ചു.

രണ്ടായാലും അത്തരം അവകാശങ്ങള്‍ അട്ടിമറിക്കപ്പെടാന്‍ പാടില്ല. കൃഷിക്കും കുടിവെള്ളത്തിനും ഡാമിലെ വെള്ളം ആശ്രയിക്കുന്ന ഒട്ടേറെ പേര്‍ക്ക് ഇത് ദോഷം ചെയ്യും. പരിപാലിക്കുന്ന സംസ്ഥാനത്തിനാണ് ഇത്തരം ഡാമുകളുടെ ഉടമാവകാശമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യേണ്ടിയിരുന്നുവെന്ന് ജയലളിത അഭിപ്രായപ്പെട്ടു. ഡാമിന്‍െറ സുരക്ഷാ ഉത്തരവാദിത്തവും ഉടമയായ സംസ്ഥാനത്തിനായിരിക്കണം.

ഇത്തരമൊരു കേന്ദ്രനിയമം വേണമെന്ന് ആവശ്യപ്പെട്ട സംസ്ഥാനങ്ങള്‍ക്കു മാത്രമാണ് നിര്‍ദിഷ്ട നിയമനിര്‍മാണം ബാധകമാവുകയെന്ന് യു.പി.എ സര്‍ക്കാറിന്‍െറ കാലത്തെ കരടില്‍ വ്യവസ്ഥ ചെയ്തിരുന്നു. അക്കാര്യം പുതിയ ബില്ലില്‍ ഇല്ല. രാജ്യമാകെ ബില്ലിന് പ്രാബല്യം നല്‍കാനാണ് ശ്രമമെന്ന സംശയം ജയലളിത പ്രകടിപ്പിച്ചു.

ദേശീയ ഡാം സുരക്ഷാ സ്ഥാപനത്തിന് ഡാം പരിശോധനക്ക് അധികാരങ്ങള്‍ നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ആരാണ് ഉടമയെന്നോ, പരിപാലിക്കുന്ന സംസ്ഥാനം ഏതാണെന്നോ നോക്കാതെ, എല്ലാ ഡാമുകള്‍ക്കും മേല്‍ ഡാം സുരക്ഷാ സ്ഥാപനത്തിന് അധികാര പരിധി നല്‍കാന്‍ പാടില്ളെന്നും ജയലളിത പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.