വര്‍ഗീയ ധ്രുവീകരണം തടയാന്‍ മതമുന്നണിയുണ്ടാക്കും –ജമാഅത്തെ ഇസ് ലാമി

ന്യൂഡല്‍ഹി: രാഷ്ട്രീയ ലക്ഷ്യത്തോടെ സൃഷ്ടിക്കുന്ന വര്‍ഗീയ ധ്രുവീകരണം തടയാന്‍ ദേശീയ, സംസ്ഥാനതലങ്ങളില്‍ ‘ധാര്‍മിക് മോര്‍ച്ച’ (മത മുന്നണി) രൂപവത്കരിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അമീര്‍ മൗലാന ജലാലുദ്ദീന്‍ ഉമരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ജമാഅത്തെ ഇസ്ലാമി രാജ്യവ്യാപകമായുണ്ടാക്കിയ സദ്ഭാവനാ മഞ്ചിന് പുറമെയാണിത്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ജൈന വിഭാഗങ്ങളിലെ പ്രധാന നേതാക്കളെ അണിനിരത്തിയായിരിക്കും മത മുന്നണിയുണ്ടാക്കുക. സദ്ഭാവനാ മഞ്ചില്‍ ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരുമടങ്ങുന്ന പ്രധാന വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തുന്നുണ്ടെങ്കിലും മത മുന്നണിയില്‍ മതവ്യക്തിത്വങ്ങള്‍ മാത്രമാണുണ്ടാകുക. ദേശവ്യാപകമായി ജമാഅത്ത് ആചരിച്ച ‘സമാധാനം മാനവികത’ കാമ്പയിന്‍ വിജയമായിരുന്നുവെന്നും ജമാഅത്ത് അമീര്‍ പറഞ്ഞു.

10,000 പൊതുപരിപാടികളിലൂടെ 25 ലക്ഷം പേര്‍ക്ക് സന്ദേശമത്തെിക്കാന്‍ കഴിഞ്ഞു. ഹരിയാനയിലെ നൂഹില്‍ കവര്‍ച്ചയുടെ പേരില്‍ നടത്തിയതായി പറയുന്ന കൊലപാതകം മുസ്ലിംകളെ പ്രകോപിപ്പിക്കാന്‍ നടത്തിയ ഒന്നായിരുന്നുവെന്നും എന്നാല്‍, പ്രദേശത്തെ മുസ്ലിംകള്‍ സംയമനം പാലിച്ചതുകൊണ്ട് പ്രശ്നങ്ങള്‍ ഒഴിവായതാണെന്നും ജമാഅത്തെ ഇസ്ലാമി സെക്രട്ടറി നുസ്റത്ത് അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പോയി സന്ദര്‍ശിച്ച ജമാഅത്ത് നേതാക്കള്‍ മേവാത്തിലെ മുസ്ലിംകള്‍ സംഘടിപ്പിച്ച മഹാപഞ്ചായത്തിലും സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.